പൊട്ടിയ ചില്ലുമാറ്റി കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് വീണ്ടും മൂന്നാറില്‍ സര്‍വ്വീസ് ആരംഭിച്ചു

മൂന്നാര്‍: പൊട്ടിയ ചില്ലുമാറ്റി കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് വീണ്ടും മൂന്നാറില്‍ സര്‍വ്വീസ് ആരംഭിച്ചു.വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ സര്‍വ്വീസ് നടത്തുന്ന റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ഇന്നലത്തെ സര്‍വ്വീസ് മുകള്‍ ഡക്കറിന്റെ മുന്‍ ഭാഗത്തെ ചില്ല് പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. പൊട്ടിയ ചില്ല് മാറ്റി ബസ് സര്‍വ്വീസ് ഇന്ന് വീണ്ടും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ബസ് അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജില്‍ കയറ്റുന്നതിനിടെ സംഭവിച്ച പാളിച്ചയായിരുന്നു ചില്ല് പൊട്ടുന്നതിന് ഇടയാക്കിയത്. സര്‍വ്വീസ് മുടങ്ങിയതോടെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് കെ എസ് ആര് ടി സി പണം തിരികെ നല്‍കുകയും ചെയ്തിരുന്നു. അതേ സമയം ബസിന്റെ ചില്ല് തകര്‍ന്ന സംഭവത്തില്‍ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചു.തൊടുപുഴ കെ എസ് ആര് ടി സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഡബിള്‍ ഡക്കര്‍ ബസ് സര്വ്വീസാരംഭിച്ച് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ബസ് സര്‍വ്വീസ് സഞ്ചാരികള്‍ ഏറ്റെടുത്ത് കഴിഞ്ഞു.