ചിത്തിരപുരത്തിന് സമീപം നിർമ്മാണ പ്രവർത്തനത്തിന് ഇടയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം; മരണപ്പെട്ടത് ആനച്ചാൽ, ബൈസൺവാലി സ്വദേശികളായ തൊഴിലാളികൾ

ആനച്ചാൽ : ഇന്ന് വൈകുന്നേരത്തോടെയായിരുന്നു ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം അപകടം നടന്നത്. നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഈ മണ്ണിനടിയിൽപ്പെട്ടാണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.
ആനച്ചാൽ സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. പ്രദേശത്തെ റിസോർട്ടിനോട് ചേർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതിനിടയിൽ മൺതിട്ടയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. മണ്ണ് വന്ന് വീണതിനെ തുടർന്ന് തൊഴിലാളികൾ ഏറെ സമയം മണ്ണിനടിയിൽ കുടുങ്ങി കിടന്നു. അടിമാലി, മൂന്നാർ അഗ്നി രക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്ന് യന്ത്ര സഹായത്തോടെ ഏറെ സമയത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്തത്. പക്ഷെ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി മാറ്റി.



