
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇന്നും തിരച്ചിൽ തുടരും. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് തന്നെയാകും ഇന്ന് പരിശോധന നടക്കുക. ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ദുരന്തമേഖലയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. അഞ്ചാം ദിനം ഒന്നും രണ്ടും സോണുകൾ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഏഴ് പേരുടെ ജീവനെടുത്ത കള്ളാടി ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.
ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകൾ. ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി പി രാജേന്ദ്രൻ നയിക്കുന്ന സമിതിയിൽ ജിയോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരുമുണ്ട്.
വരും ദിവസങ്ങളിൽ സമിതി ദുരന്ത സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കും. ഒരുമാസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായി സർക്കാർ, സമിതിക്ക് അനുവദിച്ചിരിക്കുന്ന സമയം. കള്ളാടി തുരങ്ക നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതികളുടെ പാലനം എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഈ റിപ്പോർട്ടിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ



