വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു : 2 മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടത്തില്‍ 15 പേര്‍ മരിച്ചെന്നാണ് സ്ഥിരീകരണം. മരിച്ചവരില്‍ 13 പുരുഷന്മാരും രണ്ട് വനിതകളും ഉള്‍പ്പെടുന്നു. 17 വിനോദസഞ്ചാരികളെയും നാല് വോട്ട് ജീവനക്കാരും ഉള്‍പ്പെടെ 21 പേരെ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. കടല്‍ക്ഷോഭവും മോശം കാലാവസ്ഥയും ബോട്ടിലെ സാങ്കേതിക പ്രശ്‌നവും അപകടത്തിന് കാരണമായെന്നാണ് നിഗമനം.
വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും ഉൾപ്പെട്ടിട്ടുണ്ട് . കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസിഡറുമായി സംസാരിച്ചു. അപകടത്തില്‍ മരണമടഞ്ഞത് എ. സി. തോമസും ഭാര്യ ലോവേനി തോമസുമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട എം.പി, വിയറ്റ്‌നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടികള്‍ വേഗത്തിലാക്കുകയും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോണ്‍സുലര്‍ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡര്‍ എം.പിയെ അറിയിച്ചു.



