KeralaLatest News

അമ്പതിന്റെ നിറവിൽ ഇടുക്കി വൈദ്യുത പദ്ധതി; ആഘോഷമാക്കാൻ കെ.എസ്.ഇ.ബി; 16 ലക്ഷം രൂപ അനുവദിച്ചു 

കേരളത്തിന്റെ ഊർജ്ജ ഭൂപടത്തിലെ വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതി സുവർണ ജൂബിലി നിറവിൽ. പദ്ധതിയുടെ അമ്പതാം വാർഷികം അവിസ്മരണീയമാക്കാൻ വിപുലമായ പരിപാടികൾ കെ.എസ്.ഇ.ബി തീരുമാനിച്ചു. ആഘോഷങ്ങൾക്കായി 16 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ട് ബോർഡ് ഔദ്യോഗിക ഉത്തരവിറക്കി. സുവർണ ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ചരിത്രപരവും സാങ്കേതികവുമായ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുൻകാല ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റീയൂനിയൻ ചടങ്ങും നടക്കും. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇടുക്കി പദ്ധതി ഔദ്യോഗികമായി രാഷ്ട്രത്തിന് സമർപ്പിച്ചത്. 1975 ഒക്ടോബർ നാലിന് മൂലമറ്റം പവർഹൗസിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ റോട്ടർ അന്നത്തെ ഗവർണർ എൻ.എൻ വാഞ്ചു പരീക്ഷണാർത്ഥം ഓൺ ചെയ്ത് വൈദ്യുതി പ്രവഹിപ്പിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കി, 780 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ പ്രതീകമായി
നിൽക്കുന്ന ഈ പദ്ധതിയിൽ 130 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകളാണുള്ളത്.

നാടിന്റെ വൈദ്യുതി ആവശ്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഇടുക്കി പദ്ധതിയുടെ അമ്പതാം വാർഷികം ജനപങ്കാളിത്തത്തോടെ ഗംഭീരമാക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!