KeralaLatest NewsLocal news

എസ് രാജേന്ദ്രനും ബിജെപിയില്‍ ചേരുന്ന മറ്റ് പ്രവര്‍ത്തകര്‍ക്കും നാളെ മൂന്നാറില്‍ ബി ജെ പി സ്വീകരണമൊരുക്കും

മൂന്നാര്‍: ബി ജെ പിയില്‍ അംഗത്വമെടുത്ത മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനും ബിജെപിയില്‍ ചേരുന്ന മറ്റ് പ്രവര്‍ത്തകര്‍ക്കും നാളെ മൂന്നാറില്‍ ബി ജെ പി സ്വീകരണമൊരുക്കും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയില്‍ അംഗത്വമെടുത്ത്. രാജേന്ദ്രനൊപ്പം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി എന്‍ ഗുരുനാഥനും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

ജില്ലയിലെ ആകെ മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ തങ്ങള്‍ക്ക് ക്രമാനുഗതമായ വളര്‍ച്ചയുണ്ടെന്ന് ബി ജെ പി കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം. എസ് രാജേന്ദ്രനെ പോലെ ഒരു മുന്‍ എം എല്‍ എ ബി ജെ പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് മണ്ഡലത്തില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് എസ് രാജേന്ദ്രനും ജി എന്‍ ഗുരുനാഥനും അടക്കം ബി ജെ പിക്കൊപ്പം ചേര്‍ന്നവര്‍ക്ക് നാളെ മൂന്നാറില്‍ സ്വീകരണമൊരുക്കുന്നത്. പഴയ മൂന്നാറിലാണ് സമ്മേളനം നടക്കുന്നത്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി ജെ പി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അടക്കം നിരവധി നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി മൂന്നാര്‍  ടൗണില്‍ നിന്നും സമ്മേളന വേദിയിലേക്ക് പ്രകടനം നടക്കും. ആയിരകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ദേവികുളം മണ്ഡലത്തില്‍ തങ്ങളുടെ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം. രാജേന്ദ്രന്‍ സി പി എം ബന്ധം ഉപേക്ഷിച്ച ശേഷം എം എം മണിയടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ രാജേന്ദ്രനെ പ്രസ്ഥാവനകളിലൂടെ കടന്ന് ആക്രമിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള പൊതുവേദിയായി കൂടിയാണ് സ്വീകര സമ്മേളനത്തെ എസ് രാജേന്ദ്രനും ബി ജെ പിയും നോക്കി കാണുന്നത്. സ്വീകരണ സമ്മേളനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് മൂന്നാറില്‍ ബി ജെ പി നേതൃത്വം നടത്തിയിട്ടുള്ളത്. താഴേ തട്ടില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ച് തോട്ടം മേഖലയിലും ആദിവാസി ഇടങ്ങളിലും തങ്ങളുടെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!