കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായി; ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി’; വിമർശിച്ച് CPIM കേന്ദ്രനേതൃത്വം

നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം. കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായെന്ന് വിമർശനം. ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ കാര്യമായ മാറ്റം വേണമെന്നും സംഘടന റിപ്പോർട്ടിൽ പരാമർശം.
എങ്ങനെയും ജയിക്കുമെന്ന തോന്നൽ തോൽവിയിലേക്ക് നയിച്ചെന്നും പത്തുവർഷത്തെ ഭരണം സംഘടനാ കരുത്തിൽ വിള്ളൽ ഉണ്ടാക്കി എന്നും വിമർശനം. അധികാര വ്യാമോഹം വിമതർ പെരുകാൻ കാരണമായി എന്ന് വിലയിരുത്തലുണ്ടായി. കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള വിമർശനങ്ങൾ നേതൃത്വം പരിഹാസത്തോടെ കണ്ടെന്നും വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരിച്ചടി പരിശോധിക്കാൻ ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് അവസാനിക്കും.
എംഎ ബേബി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും വിമർശനം ഉയർന്നിരുന്നു. സ്ഥാന മോഹങ്ങൾ നേതാക്കൾക്കുണ്ടെന്നും ഇത് സംഘടനപരമായി ദുർബലപ്പെടുന്നതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടെന്നും പാർട്ടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി കടന്നുകയറ്റം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ഇന്നലെ പൂർത്തിയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി കേന്ദ്ര കമ്മിറ്റി യോഗ ചർച്ചകൾക്ക് ഇന്ന് മറുപടി നൽകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് യോഗം ഇന്ന് ചർച്ച ചെയ്യും. അയോധ്യ രാമക്ഷത്രക്കൊള്ള, പാചകവാതകം, ഇന്ധന വിലവർദ്ധന, ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും. ഇതിനുപുറമേ തെറ്റ് തിരുത്തൽ രേഖ, ആദിവാസി മേഖലയിലെ പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രത്യേക രേഖ എന്നിവയും യോഗത്തിലെ പ്രധാന അജണ്ടയാണ്


