അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു

അടിമാലി: അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഈ മാസം 16 വരെയാണ് അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം നടക്കുന്നത്. ഉത്സവ ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ഇന്നലെ വൈകിട്ട് 7.10 നും 8.20നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത് ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്സവത്തിന് കൊടി ഉയര്‍ന്നു.
ഉത്സവത്തിന്റെ മൂന്നാം ദിനമായ നാളെ രാവിലെ കൂട്ടമൃത്യജ്ഞയ ഹോമം നടക്കും.ആറാം ദിനം വൈകിട്ട് 5ന് അഭിഷേക കാവടി നടക്കും. ഏഴാം ദിനം രാവിലെ മഹാവിദ്യാരാജ്ഞി പൂജയും വൈകിട്ട് താലപ്പൊലി ഘോഷയാത്രയും തുടര്‍ന്ന് ദീപാരാധനയും നടക്കും. എട്ടാം ദിനം പള്ളി വേട്ട മഹോത്സവം നടക്കും. വൈകിട്ട് ദീപാരാധന, പുഷ്പാഭിഷേകം സേവ എന്നിവക്ക് ശേഷം രാത്രി 9.30നാണ് പള്ളിവേട്ട പുറപ്പാട്.
ഒമ്പതാം ദിവസം മഹാശിവരാത്രി ആറാട്ട് മഹോത്സവവും പത്താം ദിനം പിതൃപൂജകളും പിതൃതര്‍പ്പണവും നടക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മഹാഅന്നദാനം ക്രമീകരിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ വിവിധ ദിവസങ്ങളില്‍ ഗാനമേളയടക്കം വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.



