പണിമുടക്ക് ദിവസവും റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തിച്ച് സിപിഐഎം ഏരിയ സെക്രട്ടറി

പണിമുടക്ക് ദിവസത്തിലും റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തിച്ച് സിപിഐഎം ഏരിയ സെക്രട്ടറി. ഇടുക്കി ഉടുമ്പന്നൂരിലാണ് ആണ് റോഡ് നിർമാണ പ്രവൃത്തികൾ പണിമുടക്ക് ദിവസവും നടന്നത്. കരിമണ്ണൂർ സിപിഐഎം ഏരിയ സെക്രട്ടറി പി പി സുമേഷിൻ്റെ കെട്ടിടത്തിലേക്കുള്ള വഴിയിലാണ് ടാറിങ് ഉൾപ്പെടെ പുരോഗമിക്കുന്നത്. നിലവിൽ റോഡ് നിർമ്മാണം നിർത്തിവച്ചിട്ടുണ്ട്.
വിവരം അറിഞ്ഞപ്പോൾ തന്നെ പണി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയെന്നാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. ഞാൻ പണി ചെയ്യാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. ഇത് വാടക കെട്ടിടമാണ്, പൊളിഞ്ഞു കിടക്കുകയായിരുന്നു. പൊടി കാരണം അടുത്തുള്ള കടകൾക്ക് പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. അതിനാലാണ് എത്രയും വേഗം റോഡ് ടാർ ചെയ്യാൻ ആവശ്യപ്പെട്ടതെന്നും സുമേഷ് പറഞ്ഞു.
അതേസമയം പണിമുടക്ക് ബാധകമല്ലാതെ സിപിഐഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയും പ്രവർത്തിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റി കരാർ ഏറ്റെടുത്തിരിക്കുന്ന എംഎൽഎ ഹോസ്റ്റൽ നിർമ്മാണ പ്രവർത്തനമാണ് പണിമുടക്ക് ദിനത്തിലും തകൃതിയായി നടക്കുന്നത്. പതിവ് പോലെ നിർമാണ തൊഴിലാളികൾ എത്തി ജോലികൾ ആരംഭിച്ചു.
പെയിന്റിംഗ്, കോൺക്രീറ്റ്, പൈലിംഗ് ഉൾപ്പെടയുള്ള പണികൾ നടക്കുകയാണ്. സിപിഐഎമ്മും സിഐടിയും ഉൾപ്പെടെ ദേശീയ പണിമുടക്കിനെ അനുകൂലിക്കുമ്പോഴാണ് CPIM നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഇരട്ടത്താപ്പ്. സിപിഐഎം, സിഐടിയു, എഐടിയുസി,സിപിഐ തുടങ്ങിയ ഇടത് അനുകൂല സംഘടനകളാണ് പണിമുടക്കിൽ ചുക്കാൻ പിടിക്കുന്നത്.
അതേസമയം കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിച്ചു. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വെറും 10.6 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ആകെ 4,600-ഓളം ജീവനക്കാരുള്ളതിൽ വെറും 491 പേർ മാത്രം ഹാജരായതോടെ സർക്കാർ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്.
വയനാട്, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞും ബാങ്കുകളും കടകമ്പോളങ്ങളും അടപ്പിച്ചുമാണ് സമരാനുകൂലികൾ പ്രതിഷേധിക്കുന്നത്. അതേസമയം, കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്കൂളിൽ അധ്യാപകരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി.സ്കൂൾ ഗേറ്റിൽ കൊടി കുത്തി ഉപരോധിച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതും ഇതിനിടെ ഒരു വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയും കയ്യാങ്കളിയും മേഖലയിൽ കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.



