ആലുവ മൂന്നാര്‍ രാജപാത പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു

അടിമാലി: ചരിത്രപ്രാധാന്യമുള്ള ആലുവ മൂന്നാര്‍ രാജപാത പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. രാജപാത തുറന്നു കിട്ടിയാല്‍ കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കുള്ള ദൂരത്തില്‍ 20 കിലോമീറ്ററോളം കുറവുണ്ടാകും.
ആലുവ മൂന്നാര്‍ രാജപാതയിലെ യാത്രാവകാശം പുനസ്ഥാപിക്കുക, തകര്‍ന്നു പോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ച് ഗ താഗതയോഗ്യമാക്കുക, വിനോദസഞ്ചാര മേഖലക്കും മാങ്കുളം, കുട്ടമ്പുഴ നിവാസികള്‍ക്കും ഗുണകരമാകുന്ന പാതയോടു ചേര്‍ന്നുള്ള വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് രാജപാതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ളത്.
പഴയ പൊതുമരാമത്ത് പാത യാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പാതയുടെ നിയമപരമായ അവകാശം പിഡബ്ല്യൂഡിക്ക് തന്നെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 1924ലെ മഹാപ്രളയത്തിന് മുമ്പുവരെ ഹൈറേഞ്ചിലെ പ്രധാന ഗതാഗത മാര്‍ഗമായിരുന്ന രാജ പാത, പിഡബ്ല്യുഡി രേഖകളില്‍ ഇന്നും നിലനില്‍ക്കുന്നതാണ്. എന്നാല്‍ വനംവകുപ്പിന്റെ തടസ വാദങ്ങള്‍ മൂലമാണ് ഈ പാത ഉപയോഗശൂന്യമായി കിടക്കുന്നതിനു കാരണമെന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
രാജപാത തുറന്നു കിട്ടുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിലുള്ളവര്‍ കാലങ്ങളായി നിയമ, സമര പോരാട്ടങ്ങളിലാണ്. കോതമംഗലം പൂയംകുട്ടിയില്‍ നിന്ന് കുറത്തിക്കുടി, പെരുമ്പന്‍കുത്ത്, കരിന്തിരി വഴി മൂന്നാറിലേക്കെത്തിയിരുന്ന പഴയ റോഡാണ് രാജപാത. കോതമംഗലത്തു നിന്നു പൂയം കുട്ടിവരെയുള്ള 28.5 കിലോമീറ്റര്‍ റോഡ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നിര്‍മാണം നടത്തിയിരുന്നു. തുടര്‍ന്നുള്ള 26 കിലോമീറ്ററില്‍ വനംവകുപ്പ് അവകാശം ഉന്നയിച്ചിട്ടുള്ളതാണ് തടസമായത്. ആലുവ മൂന്നാര്‍ രാജപാത തുറന്നു നല്കണമെന്നാവശ്യപ്പെട്ടു ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ കോതമംഗലത്ത് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.
രാവിലെ 10ന് ചെറിയപള്ളിത്താഴത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ സമാപിക്കും. ധര്‍ണ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും.കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ കര്‍ഷകരും വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധ പരിപാടിയില്‍ അണിനിരക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.



