
മൂന്നാര്‍: മൂന്നാര്‍ പോതമേട് വ്യൂ പോയിന്റില്‍ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ പഞ്ചായത്ത് നിര്‍മ്മിച്ച ടെയ്ക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനരഹിതം. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് പോതമേട് വ്യൂ പോയിന്റ്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പള്ളിവാസല്‍ പഞ്ചായത്ത് മുന്‍ ഭരണ സമിതി പോതമേട്ടില്‍ ടെയ്ക്ക് എ ബ്രേക്ക് പദ്ധതി നിര്‍മ്മിച്ചത്.
കോട്ടയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത് 28 ലക്ഷം രൂപ മുതല്‍ മുടക്കിയായിരുന്നു പദ്ധതി പൂര്‍ത്തീകരിച്ചത്. ശുചിമുറി, കഫേ, വിശ്രമ കേന്ദ്രം, വാച്ച് ടവര്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതി തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് നേരിട്ടെത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ നിലവില്‍ ഈ ടെയ്ക്ക് എ ബ്രേക്ക് പദ്ധതി അടഞ്ഞ് കിടക്കുകയാണ്. നിശ്ചിത തുക ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പവകാശം നല്കി പദ്ധതി മുമ്പോട്ട് കൊണ്ടു പോകാനായിരുന്നു ലക്ഷ്യം വച്ചിരുന്നത്.
പലപ്പോഴായി മൂന്ന് പേര് ഇത്തരത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തെങ്കിലും വിവിധ കാരണങ്ങളാല്‍ നടത്തിപ്പേറ്റെടുത്തവര് ഇതില്‍ നിന്നും പിന്നോക്കം പോകുന്ന സാഹചര്യമുണ്ടായെന്നാണ് വിഷയത്തില്‍ ഇപ്പോഴത്തെ ഭരണസമതിയുടെ വിശദീകരണം. പദ്ധതിയുമായി ബന്ധപ്പെട്ട് ചില അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാതെ ടെയ്ക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സിദ്ധാര്‍ത്ഥ് സി പറഞ്ഞു.ഇതിനായി പഞ്ചായത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വ്യക്തമാക്കി.
അടഞ്ഞ് കിടക്കുന്ന ടെയ്ക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ വാതിലും മറ്റും നിലവില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത നിലയിലാണ്.വ്യൂ പോയിന്റിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് സഹായകരമാകുന്ന പദ്ധതി അടഞ്ഞ് കിടന്ന് നശിച്ചു പോകാന്‍ ഇടവരുത്തരുതെന്നാണ് സമീപവാസികളുടെ ആവശ്യം.



