കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് ഇന്ന് കെ എസ് ആർ സി ബസ് എത്തിയില്ല; പ്രതിഷേധവുമായി ഉന്നതി നിവാസികൾ
അടിമാലി: ദിവസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്കാരംഭിച്ച കെ എസ് ആർ ടി സി ബസ് സർവ്വീസിന് ഒരു ദിവസത്തെ മാത്രം ആയുസ്. ഇന്നലെ ഉന്നതിയിലേക്കെത്തിയ കെ എസ് ആർ ടി സി ബസ് ഇന്ന് ഉന്നതിയിലേക്കെത്തിയില്ല. രണ്ട് മണിക്ക് അടിമാലിയിൽ നിന്നും പുറപ്പെടുന്ന ബസ് കുറത്തിക്കുടിയിലെത്തിയ ശേഷം തിരികെ വരും വിധമായിരുന്നു ഇന്നലെ സർവ്വീസ് നടത്തിയത്. എന്നാൽ ഇന്ന് ബസ് മാങ്കുളത്ത് സർവ്വീസവസാനിപ്പിച്ചു.
ഇന്നലെ കുറത്തിയിലേക്ക് നടന്നത് ട്രയൽ റണ്ണാണെന്നാണ് കെ എസ് ആർ ടി സിയുടെ വിശദീകരണം. കുറത്തിക്കുടിയെന്ന ബോർഡ് വച്ച് സർവ്വീസ് നടത്താൻ ജീവനക്കാരോട് നിർദ്ദേശിച്ചിരുന്നില്ലായെന്നും ഉയർന്ന കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ബസ് സർവ്വീസിന് വനം വകുപ്പ് തടസ്സം നിൽക്കുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സർവ്വീസിന് വനം വകുപ്പ് തടസ്സവാദമുന്നയിക്കുന്നുവെന്ന് കെ എസ് ആർ ടി സി ഉദ്യോഗസ്ഥരും അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നു. കുറത്തിക്കുടിയിലേക്ക് ബസ് സർവ്വീസാരംഭിക്കണമെന്ന ആവശ്യവുമായി ഉന്നതി നിവാസികൾ ഇന്നും അഡ്വ.എ രാജ എം എൽ എ കണ്ട് പരാതി അറിയിച്ചു.
അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആദിവാസി ഉന്നതിയാണ് കുറത്തിക്കുടി. മുതുവാന്‍ സമുദായക്കാരായ നിരവധി കുടുംബങ്ങള്‍ ഇവിടെ താമസിച്ച് വരുന്നു. അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭാഗമെങ്കിലും മാങ്കുളം ടൗണുമായിട്ടാണ് കുറത്തിക്കുടിയിലെ കുടുംബങ്ങള്‍ ദൈന്യം ദിന ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നത്. മാങ്കുളം വഴി ബസ് സര്‍വ്വീസ് അനുവദിക്കപ്പെട്ടാല്‍ തങ്ങളുടെ പുറം ലോകത്തേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്ന് ഉന്നതിയിലെ കുടുംബങ്ങള്‍ പറയുന്നു.
മുമ്പ് കുറത്തിക്കുടി ഉന്നതിയിലേക്ക് യാത്രാ യോഗ്യമായ റോഡ് ഉണ്ടായിരുന്നില്ല. എന്നാല്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുമ്പന്‍കുത്ത് മുതല്‍ ആദിവാസി ഉന്നതിയുടെ തൊട്ടരികില്‍ വരെയിപ്പോള്‍ യാത്രായോഗ്യമായ റോഡ് നിര്‍മ്മിച്ച് കഴിഞ്ഞു. ഇതോടെയാണ് കുറത്തികുടിയിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായത്.



