ദുഖവെള്ളി ദിനത്തിലും പ്രചാരണ പരിപാടികളില്‍ വിശ്രമമില്ലാതെ ദേവികുളം മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍

അടിമാലി: ദേവികുളം മണ്ഡലത്തിലും മുന്നണികളുടെ പരസ്യപ്രചാരണം അവസാനലാപ്പിലേക്കടുക്കുകയാണ്.നാല് ദിവസങ്ങള്‍ മാത്രമാണിനി പരസ്യപ്രചാരണത്തിനായി അവശേഷിക്കുന്നത്. അവശേഷിക്കുന്ന സമയം കൊണ്ട് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള ഓട്ടപാച്ചിലിലാണ് മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും.
ദുഖവെള്ളി ദിനത്തിലും വിശ്രമമില്ലാതെ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂവരും പ്രചാരണപരിപാടികള്‍ തുടര്‍ന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രനും ഇന്ന് തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണ പരിപാടികള്‍ നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ ഇന്ന് ഇടമലക്കുടിയിലെത്തി വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തി. ത്രികോണ മത്സര സാധ്യത പ്രവചിക്കുന്ന ദേവികുളം മണ്ഡലത്തില്‍ ഒരു വോട്ട് പോലും നഷ്ടമാവാതിരിക്കാനുള്ള ശ്രമമാണ് മുന്നണികള്‍ നടത്തുന്നത്.
വന്യജീവി വിഷയം, ഭൂവിഷയം, അടിസ്ഥാന സൗകര്യ വികസനം ഇത്തരം കാര്യങ്ങളിലെ പോരായ്മകള്‍ എന്‍ ഡി എയും യുഡിഎഫും മണ്ഡലത്തില്‍ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിന്റെയും എം എല്‍ എയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് പ്രതിരോധം തീര്‍ക്കുന്നു. മൂന്ന് മുന്നണികളും തങ്ങളുടെ പ്രകടന പത്രികയുമായി ബന്ധപ്പെട്ട കാര്യങ്ങളും മണ്ഡലത്തില്‍ ഉടനീളം അവതരിപ്പിക്കുന്നു.
പരസ്യപ്രചാരണത്തിനൊപ്പം നവമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലാണ്. അവസാനലാപ്പില്‍ പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനും കൊട്ടിക്കലാശം ശക്തി പ്രകടനമാക്കി മാറ്റാനുമുള്ള ഒരുക്കങ്ങളിലാണ് ദേവികുളം മണ്ഡലത്തിലെ മുന്നണികള്‍ മൂന്നും.



