KeralaLatest NewsLocal news

ദേവികുളം മണ്ഡലത്തിലും വോട്ടര്‍മാര്‍ വിധിയെഴുതി; മണ്ഡലത്തില്‍ ജനവിധി ആര്‍ക്കനുകൂലമാകുമെന്നത് പ്രവചനാതീതം

അടിമാലി: തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ചേരുന്ന ദേവികുളം മണ്ഡലത്തിലും നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തങ്ങളുടെ വിധിയെഴുതി.ഇനി ജനഹിതമാര്‍ക്കൊപ്പമെന്നറിയാനുള്ള കാത്തിരിപ്പാണ്. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിലെ മൂന്ന് പോളിംഗ് ബൂത്തുകളടക്കം 215 പോളിംഗ് ബൂത്തുകളായിരുന്നു ദേവികുളം മണ്ഡലത്തില്‍ ക്രമീകരിച്ചിരുന്നത്. വോട്ടെടുപ്പിന്റെ തുടക്കത്തില്‍ ചില ബൂത്തുകളിലുണ്ടായ സാങ്കേതിക തടസ്സം ഒഴിവാക്കിയാല്‍ മണ്ഡലത്തില്‍ സുഗമമായാണ് വോട്ടിംഗ് പൂര്‍ത്തീകരിച്ചത്.

രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്കെത്തി. വോട്ടിംഗിന്റെ ആരംഭത്തില്‍ പല ബൂത്തുകള്‍ക്ക് മുമ്പില്‍ ക്യൂ രൂപപ്പെട്ടു. പിന്നീട് പതിയെ തിരക്ക് കുറഞ്ഞു. ഉച്ചയോടെ പല പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് മന്ദഗതിയിലായി. ഉച്ചക്ക് ശേഷം വീണ്ടും പോളിംഗ് ബൂത്തുകളില്‍ തിരക്കേറി. പോളിംഗിന്റെ അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും ക്യൂ രൂപപ്പെട്ടു. മണ്ഡലത്തിലെ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ പള്ളിവാസലിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ കുണ്ടള പുതുക്കടിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ മൂന്നാറിലും വോട്ട് രേഖപ്പെടുത്തി. ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി ഇരുപതേക്കര്‍ സെര്‍വിന്ത്യാ എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ജയചന്ദ്രന്‍ കുഞ്ചിത്തണ്ണിയില്‍ വോട്ട് ചെയ്തു. ഇടുക്കി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രതീഷ് പ്രഭ കമ്പിളികണ്ടെത്തെത്തി വോട്ട് രേഖപ്പെടുത്തി.

ത്രികോണ പോര് നടക്കുന്ന ദേവികുളം മണ്ഡലത്തില്‍ ജനവിധി ആര്‍ക്കനുകൂലമാകുമെന്നത് പ്രവചനാതീതമാണ്. നാടിളക്കിയുള്ള പ്രചാരണം മുന്നണികള്‍ മൂന്നും നടത്തിയ സാഹചര്യത്തില്‍ അവസാന പോളിംഗ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വോട്ടെട്ടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ രാത്രിയില്‍ അടിമാലി കൂമ്പന്‍പാറയില്‍ ദേശിയപാതയോരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബൂത്ത് തകര്‍ത്തതായി പരാതി ഉയര്‍ന്നു.

ഇത് സംബന്ധിച്ച് എന്‍ഡിഎ നേതൃത്വം അടിമാലി പോലീസില്‍ പരാതി നല്‍കി. വോട്ടെടുപ്പ് പൂര്‍ത്തീകരിച്ച ശേഷം ദേവികുളം മണ്ഡലത്തിലെ വോട്ടിംഗ് മെഷ്യനുകള്‍ മൂന്നാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്രമീകരിച്ചിട്ടുള്ള സ്ട്രാംഗ് റൂമിലെത്തിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 68.53 ശതമാനമായിരുന്നു ദേവികുളം മണ്ഡലത്തിലെ പോളിംഗ് ശതമാനം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇത്തവണത്തെ പോളിംഗ് ശതമാനം ഇതിനും ഏറെ മുകളിലേക്ക് പോയേക്കുമെന്നാണ് വിലയിരുത്തല്‍. പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയായതോടെ ഇനി വിധി നിര്‍ണ്ണയ ദിവസത്തിലേക്കുള്ള കാത്തിരിപ്പിലാണ് മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒപ്പം വോട്ടര്‍മാരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!