KeralaLatest NewsLocal news

കാന്തല്ലൂരിൽ കാട്ടുതീ കോളേജ് കാമ്പസിലേക്ക് പടർന്നു; വ്യാപക നാശനഷ്ടം

മറയൂർ: വേനൽക്കാലത്തെ ശക്തമായ ചൂടിനിടെ മറയൂർ മലനിരകളിൽ വ്യാപകമായ കാട്ടുതീയുണ്ടായി. തീ കാന്തല്ലൂർ അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് (ഐഎച്ച്ആർഡി) കാമ്പസിലേക്ക് പടർന്നതിനെത്തുടർന്ന് കോളേജ് കാമ്പസിന് വ്യാപകമായ നാശനഷ്ടമുണ്ടായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സമീപത്തെ കാരയൂർ ഭാഗത്ത് നിന്ന് ആരംഭിച്ച കാട്ടുതീയാണ് ശക്തമായ കാറ്റിന്റെ സഹായത്തോടെ കോളേജ് കാമ്പസിലേക്ക് വ്യാപിച്ചത്.

കെട്ടിടത്തിന് പുറത്തുള്ള സർവീസ് വയറുകൾക്ക് ആദ്യം തീപിടിച്ചു. തുടർന്ന് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, പഴയ കസേരകൾ, ടെറസിന് മുകളിൽ കിടന്ന കരിയിലകൾ എന്നിവയിലേക്ക് തീ പടർന്നു. കുടിവെള്ള പൈപ്പുകളും കത്തിനശിച്ചു.
കാമ്പസിനുള്ളിൽ അന്ന് ഏകദേശം 150-ലധികം വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഉണ്ടായിരുന്നു. തീ കെട്ടിടത്തിനുള്ളിലേക്ക് പടരാതിരിക്കാൻ വിദ്യാർത്ഥികളും ജീവനക്കാരും ഒന്നിച്ച് വെള്ളമെത്തിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. കൗണ്ടർ ഫയർ നൽകിയും വൈദ്യുതി ബന്ധം വിച്ഛേദിച്ചും അവർ തീ നിയന്ത്രണത്തിന് ശ്രമിച്ചു.


മറയൂർ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. കോളേജ് വിദ്യാർത്ഥികളെയെല്ലാം സുരക്ഷിതരാക്കി.
മറയൂർ മലനിരകളിലെ തീർത്ഥമല, പെരടിപ്പള്ളം, കാരയൂർ തുടങ്ങിയ മേഖലകളിലും വ്യാപകമായി കാട്ടുതീ പടർന്നിട്ടുണ്ട്. ഹെക്ടറുകണക്കിന് വനഭൂമി മണിക്കൂറുകൾക്കുള്ളിൽ കത്തിനശിച്ചു.
ഓരോ വർഷവും കാട്ടുതീ നിയന്ത്രണത്തിനായി വനംവകുപ്പ് വൻതുക ചെലവഴിക്കുന്നുണ്ടെങ്കിലും, ഫലപ്രദമായ നടപടികൾ ഇല്ലാത്തതിന്റെ തെളിവാണ് ജൈവവൈവിധ്യത്തിന് വരുന്ന വൻനഷ്ടമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!