KeralaLatest NewsLocal news

അറ്റകുറ്റപ്പണികൾക്കായി മാട്ടുപ്പെട്ടിയിൽ ബോട്ടിങ്‌ നിർത്തി

മൂന്നാർ :മാട്ടുപ്പട്ടി അണക്കെട്ടിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തിവച്ചതിനാൽ സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം . അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഷട്ടറുകൾ തുറന്നതിനാൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് ബോട്ടിങ് നിർത്തിവച്ചത്. വൈദ്യുതി ബോർഡാണ് ബോട്ടിങ്‌ നടത്തുന്നത്. കൂടാതെ ജില്ലാ ടൂറിസം വകുപ്പിന്റെയും ഹൈഡൽ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ സഞ്ചാരികൾക്കായി ഇവിടെ ടൂറിസ്റ്റ് ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നു. വേനൽക്കാല ടൂറിസ്റ്റ് സീസണിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ബോട്ട് യാത്ര നടത്താൻ കഴിയാതെ നിരാശയിൽ മടങ്ങുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാലും സുരക്ഷാ കാരണങ്ങളാലും ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല. രണ്ട്‌ മുതലാണ് ഇവിടെ ബോട്ടിങ് നിർത്തിവച്ചത്. ജില്ലാ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഞ്ച്‌ സീറ്റുകളുള്ള നാല്‌ അതിവേഗ ബോട്ടുകളും 10 സീറ്റുകളുള്ള ഓരോ ബോട്ടും 20 സീറ്റുകളുള്ള ഓരോ ബോട്ടും ഉണ്ട്. ഇവയുടെ നിരക്ക് യഥാക്രമം 1080, 1200, 2000 എന്നിങ്ങനെയാണ്. ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട്‌ നാല്‌ സ്പീഡ് ബോട്ടുകൾ, നാലും അഞ്ചും സീറ്റുള്ള സ്പീഡ് ബോട്ടുകൾ എന്നിവ പ്രവർത്തിപ്പിച്ചുവരുന്നു. ഇവയ്ക്ക് യഥാക്രമം 1400, 1100, 2,000 രൂപ എന്നിങ്ങനെയാണ് നിരക്ക്. ടൂറിസ്റ്റ് സീസണിൽ ഇരു വകുപ്പുകളും പ്രതിദിനം ഒരു ലക്ഷം രൂപ വരെ വരുമാനം നേടുന്നുണ്ട്. സർവീസ് നിർത്തി വച്ചതോടെ സർക്കാരിന് 20 ലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടമുണ്ടായി. പത്തോളം പെഡൽ ബോട്ടുകൾ മാത്രമാണ് വെള്ളത്തിലിറക്കിയിട്ടുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനു ശേഷമെ ബോട്ടുകൾ സർവീസ് നടത്തുകയുള്ളു. ഇത് മാസങ്ങൾ നീണ്ടുനിൽക്കുമെന്നതിനാൽ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടം ഉണ്ടാകാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!