KeralaLatest News

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെ? ഇന്ന് അന്തിമധാരണയാകും; കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെയെന്നതില്‍ ഇന്ന് അന്തിമധാരണയാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു. ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലും അനൂപ് ജേക്കബ്, മാണി.സി കാപ്പന്‍ എന്നിവരുടെ മന്ത്രിസ്ഥാനത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.

എം ലിജുവും ചാണ്ടി ഉമ്മനും, ബിന്ദുകൃഷ്ണയും മന്ത്രിമാരാകും. സണ്ണി ജോസഫും കെ മുരളീധരനും പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും മന്ത്രിസഭയിലുണ്ടാകും.ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ പേരുകളാണ് പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അങ്ങനെ അല്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കാര്യം രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു എന്നാണ് വിവരം.

കഴിഞ്ഞദിവസം ചെന്നിത്തലയുടെ വഴുതക്കാട് വീടുകേന്ദ്രീകരിച്ചും മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവര്‍ രമേശുമായി നേരിട്ട് കൂടിക്കാഴ്ചനടത്തിയിട്ടുണ്ട്. അന്‍വര്‍ സാദത്തിലും ഐസി ബാലകൃഷ്ണനും മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല ആര്‍ സി ക്യാമ്പ് അംഗീകരിക്കുമോ എന്നുള്ളതാണ് ആകാംക്ഷ.

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനാണ് ആണ് ശ്രമം. ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ജോസഫ് ഇതിനോട് വഴങ്ങിയിട്ടില്ല. അനൂപ് ജേക്കബിനും മാണി.സി കാപ്പനും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍, ഇരുവരും ഇതിനോട് യോജിക്കുന്നില്ല. ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറേണ്ടതിനാല്‍ അതിനുമുമ്പ് ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് ശ്രമം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!