മൂന്നാറിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം രൂപം കൊണ്ടിട്ടുള്ള ഗർത്തം വാഹനയാത്രികർക്ക് തലവേദനയാകുന്നു.

മൂന്നാർ : അടിസ്ഥാന സൗകര്യങ്ങൾ ഏതുമില്ലാതെ പേരിൽ മാത്രമാണ് മൂന്നാറിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിച്ച് വരുന്നത്. വിവിധങ്ങളായ പരാധീനതകൾക്കൊപ്പമാണിപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമിപ്പോൾ ഒരു ഗർത്തം കൂടി രൂപം കൊണ്ടിട്ടുള്ളത്.ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന ഭാഗത്താണ് അപകട സാധ്യത ഉയർത്തുന്ന ഗർത്തമുള്ളത്. വാഹനങ്ങൾ അകപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അപകടമുണ്ടാകും മുമ്പെ ഗർത്തം ഒഴിവാക്കാൻ നടപടി വേണമെന്നാണ് സമീപവാസികളുടെയും വാഹനയാത്രികരുടെയും ആവശ്യം.
ബസുകൾ ബസ് സ്റ്റാൻഡിലേക്കിറങ്ങുമ്പോൾ ശ്രദ്ധയൊന്ന് തെറ്റിയാൽ ടയറുകൾ ഗർത്തതിൽപെടാനുള്ള സാധ്യത നിലനിൽക്കുന്നു. ചെറുവാഹനങ്ങൾ ഗർത്തത്തിൽ പെട്ടാൽ മറിയാനുള്ള സാധ്യതയും അപകട സാഹചര്യം വർധിപ്പിക്കുന്നു. ദിവസവും നിരവധിയായ ബസുകളും മറ്റിതര ചെറുവാഹനങ്ങളും കടന്നു പോകുന്ന ഭാഗത്താണ് ഗർത്തം രൂപം കൊണ്ടിട്ടുള്ളത്.ഈ അപകട സാധ്യത ഒഴിവാക്കാൻ ഏറ്റവും അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം.



