KeralaLatest NewsLocal news

നിർധന വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം ഉറപ്പാക്കുന്ന പ്രവർത്തനവുമായി അടിമാലി ചാരിറ്റബിൾ സൊസൈറ്റി..

അടിമാലി : 2008 ൽ രക്തദാനം മഹാദാനം എന്ന സന്ദേശവും ലക്ഷ്യവും മുൻനിർത്തി പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിട്ട അടിമാലി ചാരിറ്റബിൾ സൊസൈറ്റി കൂടുതൽ ആളുകളിലേക്ക് തങ്ങളുടെ സേവന പ്രവർത്തനങ്ങൾ എത്തിക്കുകയാണ്. ഇതിൻ്റെ ഭാഗമായിട്ടാണ്
20 നിർധന വിദ്യാർത്ഥികൾക്ക് സ്പോൺസറുടെ സഹായത്തോടെ പ്രതിമാസം 2000 രൂപ ധനസഹായം ഉറപ്പാക്കുന്ന പദ്ധതിക്ക് അടിമാലി ചാരിറ്റബിൾ സൊസൈറ്റി രൂപം നൽകിയിട്ടുള്ളത്. പിതാവ് മരണപ്പെട്ട നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്പോൺസർ വഴി അടിമാലി ചാരിറ്റബിൾ സൊസൈറ്റി പ്രതിമാസ ധനസഹായം എത്തിക്കുന്നത്.

സൊസൈറ്റി വിഷുവിന് 10 നിർധനർക്ക് 1000 രൂപ വീതം വിഷു കൈനീട്ടം നൽകിയത് ശ്രദ്ധയിൽ പെട്ട വ്യക്തിയാണ് തൻ്റെ മറ്റ് സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ ധനസഹായം നൽകുന്നത്. ഇത് വരെ അയച്ച് നൽകിയ 20 അപേക്ഷകളിൽ 17 പേർക്കും സഹായം ലഭിച്ച് തുടങ്ങി . പ്രദേശത്തെ ഗവ. സ്കൂളുകളിലെ അധ്യാപകരുടെയും മറ്റും സഹായത്തോടെയാണ് പദ്ധതിക്കായി അർഹരായ കുട്ടികളെ കണ്ടെത്തിയിട്ടുള്ളത്.
നിർധന രോഗികൾക്ക് ചികിത്സ ധനസഹായം നൽകുന്നതുൾപ്പെടെ
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സൊസൈറ്റി ഏറ്റെടുത്ത് നടത്തി വരുന്നു.

ഇത് വരെ സൊസൈറ്റി മുഖാന്തിരം 10000 ലധികം രക്തദാനവും നടത്തി കഴിഞ്ഞു. നിർധന രോഗികൾക്ക് ചികിത്സ ധനസഹായം നൽകുന്നതിനായി രണ്ട് വർഷം മുൻപ് രൂപീകരിച്ച സാന്ത്വനം സഹായ ഗ്രൂപ്പ് വഴി 6 ലക്ഷത്തിലധികം രൂപ ധനസഹായമായി നൽകി കഴിഞ്ഞുവെന്നും സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ പുതിയ ഇടപെടലാണ് നിർധന വിദ്യാർത്ഥികൾക്കുള്ള ധനസഹായ പദ്ധതിയെന്നും ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഡോ.സത്യ ബാബുവാണ് സൊസൈറ്റി രക്ഷാധികാരി.വി ജി പ്രകാശ് സൊസൈറ്റി പ്രസിഡൻറും കെ എൻ സഹജൻ സൊസൈറ്റി സെക്രട്ടറിയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!