മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവം : 3 പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

മൂന്നാർ : മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആർ. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ് , ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളെയും കുട്ടികളുൾപ്പെടെയുള്ള സംഘത്തെ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കായി മൂന്നാറിൽ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്‌നാട് സർക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി സി വിഷ്‌ണുനാഥ് പറഞ്ഞു.



