സെൻസസ് 2027: പൊതുജന പങ്കാളിത്തത്തിന് ജനപ്രതിനിധികളുടെ സഹകരണം വേണം: ജില്ലാ കളക്ടർ

ഇടുക്കി : സെൻസസ് 2027 ൻ്റെ സുഗമമായ നടത്തിപ്പിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസന പദ്ധതി രൂപീകരണവും ഭരണ നിർവഹണവും സെൻസസ് അടിസ്ഥാനത്തിൽ കാര്യക്ഷമമാക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വനം-വന്യജീവി, പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലാ വികസന സമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ തന്നെ ജില്ലാ വികസന സമിതിയിൽ പങ്കെടുക്കണമെന്ന് റോയ് കെ പൗലോസ് എംഎൽഎ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും പൊതുപ്രശ്‌ന പരിഹാരത്തിനാണ് ജില്ലാ വികസന സമിതി ചേരുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. മൂന്നാർ – മറയൂർ റോഡിൽ ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, റോഡരികിൽ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്നും, റോഡിൻ്റെ അറ്റകുറ്റപണി മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കണമെന്നും എഫ്. രാജ എംഎൽഎ ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു. കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ സ്വീകരിച്ച ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പ്രത്യേക യോഗം ചേർന്ന് വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലകളിൽ നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുന:രാരംഭിക്കണമെന്നും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്നും സിറിയക് തോമസ് എംഎൽഎ ആവശ്യപ്പെട്ടു.
പൂപ്പാറ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അർഹരായവരുടെ പുനരധിവാസത്തിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സേനാപതി വേണു എംഎൽഎ പറഞ്ഞു. അർഹരായവരുടെ പുനരധിവാസം ഉറപ്പാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രത്യേക യോഗം ചേരാമെന്ന് കളക്ടർ അറിയിച്ചു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്താൻ അവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് എംഎൽഎ ആവശ്യപ്പെട്ടു. ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജ്, പൂപ്പാറ ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇവയുടെ കെട്ടിട നിർമ്മാണത്തിനും തുടർപ്രവർത്തനങ്ങൾക്കും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ജില്ലാ വികസന സമിതിയിൽ എംഎൽഎ ആവശ്യപ്പെട്ടു.
എംഎൽഎമാരായ റോയ് കെ പൗലോസ്, സിറിയക് തോമസ്, എഫ്.രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു



