പൊതുവിദ്യാഭ്യാസ മേഖല നാടിൻ്റെ സമ്പത്ത്: റോയി.കെ.പൗലോസ് എം.എൽ.എ

പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ സമ്പത്താണെന്ന് റോയി.കെ.പൗലോസ് എം.എൽ.എ. ഇടുക്കി ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും നാടിൻ്റെ മാറ്റമാണ്. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പരിഗണന ചെറുതല്ല. പലവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലയിലുള്ള ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനമാണ് ഇടുക്കി ജില്ല കൈവരിച്ചത്. പലവിധ പ്രതിസന്ധികൾക്കിടയിലും തിളക്കമാർന്ന നേട്ടം കൊയ്‌തതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നും എം.എൽ എ പറഞ്ഞു.
സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സേനാപതി വേണു എം.എൽ.എ പറഞ്ഞു. ഇംഗ്ലീഷ് പഠനം സ്വായത്തമാക്കാൻ കഴിയുന്ന ഈ അവസരം പ്രയോജനപ്പെടുത്തി സമൂഹത്തിന് നന്മ പകരുന്ന മിടുക്കരായി വിദ്യാർത്ഥികൾ മാറണം. വിദ്യാഭ്യാസത്തെ ലഹരിയാക്കി മറ്റ് ലഹരികളെ ജീവിതത്തിൻ്റെ പുറത്ത് നിർത്തണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി സജി,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.രജനി, ഗ്രാമപഞ്ചായത്ത്,വൈസ് പ്രസിഡൻ്റ് റെജി ഇലിപ്പുലിക്കാട്ട്, ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി. സി, ഇടുക്കി ഡി.പി.സി. എസ്.എസ്. കെ. ആൻ്റ് വിദ്യാകിരണം ജില്ലാ കോ.ഓഡിനേറ്റർ കെ.എ. ബിനുമോൻ,സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു



