
മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുളള ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചില്‍ ഇടുക്കി ജില്ലയുടെ സവിശേഷ പ്രകൃതി ദുരന്തമാണ്. ഇത് ഒഴിവാക്കാന്‍ റോഡുകളുടെ ഭിത്തികള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വിഭാഗവും ശ്രദ്ധിക്കണം. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
പൊലീസിന് ഡ്രോണുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യത്തിന് മരുന്നുകള്‍ ആശുപത്രികളില്‍ ഉറപ്പാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയില്‍ കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് യോഗത്തില്‍ അറിയിച്ചു. അപകസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍ക്കാനുള്ള ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 34 പേരടങ്ങുന്ന എന്‍.ഡി.ആര്.എഫിന്റെ ഒരു യൂനിറ്റ് ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്കൂള്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാന്‍ നടപടി എടുത്തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലാണെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
വനഭൂമിയില്‍ നിന്ന് റോഡുകളിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനം വകുപ്പ് മുന്‍കൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് യോഗത്തില്‍ പറഞ്ഞു.
അനധികൃത നിര്‍മാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും ജില്ലയില്‍ കൂടിവരുന്ന സാഹചര്യമുണ്ടെന്ന് റോയ് കെ. പൗലോസ് എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വാര്‍ഡ് തലത്തില്‍ ഇത്തരം സാഹസിക ടൂറിസം സംരംഭങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിന്റെ സുരക്ഷ പരിശോധിക്കാന്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജൂണ്‍ 15ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാകും. സുരക്ഷിതമല്ലാത്തവ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കും.
ഉപയോഗശൂന്യമായ പാറമടകള്‍ മൂടുകയോ വേലി കെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എല്‍.എ ആവശ്യപ്പെട്ടു. പതിവായി അപകടമുണ്ടാകുന്ന തൂവല്‍ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങള്‍ സഞ്ചാരികളും കുട്ടികളും ഇറങ്ങാത്ത വിധത്തില്‍ വേലി കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയക് തോമസ് എം.എല്‍.എ, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ.എം, ദേവികുളം സബ്കളക്ടര്‍ വി.എം ആര്യ, ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം എസ്. ശ്രീജിത്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു



