
മൂന്നാർ : സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധന മൂന്നാറിലും നടന്നു. മൂന്നാർ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 11 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. പഴയ മൂന്നാർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്.
വളർന്നുവന്ന ചെടികൾ നട്ടു പരിപാലിച്ചതാണോ എന്ന് അന്വേഷിക്കുകയും ഓപ്പറേഷന് ഭാഗമായി തുടർ പരിശോധനകൾ ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നാർ എക്സൈസിന്റെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.



