ശബ്ദംകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ഒരു പോലീസുകാരൻ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ പരാമർശിച്ച ആ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അടിമാലിയിൽ എസ് എച്ച് ഒ

അടിമാലി : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിനിടെ പോലീസ് സേനയുടെ മികവിനെ പറ്റി പരാമർശിച്ചുരുന്നു. 13 വർഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തിൽ ശബ്ദംകൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ഒരു പോലീസുകാരനുണ്ട് എന്നാണ് രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ പറഞ്ഞത്. ആ പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അടിമാലി സ്റ്റേഷനിൽ എസ് എച്ച് ഒ ആയി സർവീസിൽ തുടരുകയാണ്. സംഭവം ഇങ്ങനെയാണ്. എറണാകുളത്ത് മൂന്നിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും 75 ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് പൊട്ടിക്കും എന്നായിരുന്നു 2013ലെ ആ സന്ദേശം.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചു. അന്ന് തൃപ്പൂണിത്തറ എസ്ഐ ആയിരുന്ന സന്തോഷും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഭീഷണി മുഴക്കിയ ആളുടെ ശബ്ദ സന്ദേശം യോഗത്തിൽ കേൾപ്പിച്ചു. ശബ്ദം കേട്ടതോടെ 2010ൽ കോട്ടയത്ത് ജോലി ചെയ്ത വേളയിൽ കവർച്ചക്കേസിൽ അറസ്റ്റിലായ മനോജ് സേവ്യറിന്റെ ശബ്ദമാണന്ന് സന്തോഷ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു. പോലീസിന്റെ ഈയൊരു മികവിനെയാണ് രമേശ് ചെന്നിത്തല പ്രശംസിച്ചത്. ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഏറെ അഭിമാനത്തോടെയാണ് കേട്ടതെന്ന് സന്തോഷ് പറഞ്ഞു.



