റിസോർട്ടിൽ നിന്നും വിനോദസഞ്ചാരികളുടെ സ്വർണവും പണവും മോഷ്ടിച്ച് കടന്നു കളഞ്ഞയാളെ പോലീസ് പിടികൂടി.

മൂന്നാർ : റിസോർട്ടിൽ നിന്നും വിനോദസഞ്ചാരികളുടെ സ്വർണവും പണവും മോഷ്ടിച്ച് കടന്നു കളഞ്ഞ തമിഴ്നാട് സ്വദേശിയെ തേനി ബസ്റ്റാൻഡിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശിയും തേനിയിൽ താമസക്കാരനുമായ നാഗാർജുനനാണ് പിടിയിലായത് . പള്ളിവാസൻ ആറ്റുകാടിന് സമീപമുള്ള റിസോർട്ടിൽ താമസിച്ചിരുന്ന മധുര സ്വദേശിയുടെയും ഭാര്യയുടെയും രണ്ടു പവൻ സ്വർണവും 13,000 രൂപയും ആണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഇയാൾ മോഷ്ടിച്ചത് .
ദമ്പതികൾ ഉറങ്ങുന്നതിനിടെ സ്ലൈഡിങ് ജനൽ തുറന്ന അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൗസ് കീപ്പിംഗ് ജോലിക്ക് എത്തിയ ദിവസമാണ് ഇയാൾ മോഷണം നടത്തിയത്. മേൽവിലാസം ഉൾപ്പെടെ ഒരു രേഖയും ഇയാൾ റിസോർട്ടിൽ നൽകിയിരുന്നില്ല. ചില ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മൂന്നാർ എസ് എച്ച് ഒ ജെ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.



