ലഹരിക്കായി ചെറിയ അണലികളെ ഉപയോഗിക്കുന്നു എന്ന് ഞാന്‍ പറഞ്ഞത് ശരിയല്ല, ഡോ. ഷിംനയുടെ തിരുത്ത് സ്വീകരിക്കുന്നു: രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താന്‍ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിഷപാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ചെറിയ അണലികളെയാണ് ഉപയോഗിക്കുന്നത് എന്ന് താന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അണലികളെ ഉപയോഗിക്കുന്നു എന്നത് തെറ്റാണെന്ന് ഡോ. ഷിംന അസീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വ്യാപക ചര്‍ച്ചയായതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ തിരുത്ത്. ഡോ. ഷിംനയുടെ തിരുത്ത് താന്‍ സ്വീകരിക്കുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അണലി വെറുതെ കൊത്തിയാല്‍പ്പോലും അതിന്റെ ഹീമോടോക്‌സിക് വെനം രക്തത്തിലെത്തുമെന്നും അതിനാല്‍ ലഹരിക്കായി അണലിയെ കൊണ്ട് കടുപ്പിക്കുമെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നുമാണ് ഡോ. ഷിംന ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത്. നാക്കില്‍ അണലിയെക്കൊണ്ട് കടുപ്പിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ബാക്കികാണില്ലെന്നും രമേശ് ചെന്നിത്തലയുടെ പരാമര്‍ശം തെറ്റിദ്ധാരണയുണ്ടാക്കുമെന്നുമായിരുന്നു ഡോക്ടറുടെ പോസ്റ്റ്. പിന്നാലെയാണ് തന്റെ പരാമര്‍ശം തിരുത്തിക്കൊണ്ട് രമേശ് ചെന്നിത്തല പോസ്റ്റിട്ടത്. തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാന്‍ വാറിയറാകാന്‍ ഡോ. ഷിംനയെ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നുവെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു



