സ്ത്രീ യാത്രക്കാരില്‍ ഭൂരിഭാഗവും പ്രിയദര്‍ശിനി ബസുകളിലേക്ക് പോയതോടെ ഇടുക്കി ജില്ലയില്‍ 250-ഓളം സ്വകാര്യ ബസുകള്‍ താത്കാലികമായി സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു….

ഇടുക്കി: സ്ത്രീ യാത്രക്കാരില്‍ ഭൂരിഭാഗവും പ്രിയദര്‍ശിനി ബസുകളിലേക്ക് പോയതോട ഇടുക്കി ജില്ലയില്‍ 250-ഓളം ബസുകള്‍ താത്കാലികമായി സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു. താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിന് 250-ഓളം ബസുകളാണ് ജി-ഫോം നല്കി ഓട്ടംനിര്ത്തുന്നത്.
നിശ്ചിത കാലയളവില്‍ വാഹനം റോഡിലിറക്കില്ലെന്ന് അധികൃതരെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ജി-ഫോം.
‘പ്രിയദര്‍ശിനി’ സൗജന്യയാത്ര തുടങ്ങിയ ജൂണ്‍ 15 മുതല്‍ 25 വരെ ജില്ലയിലെ 60 ശതമാനം സ്വകാര്യ സര്‍വീസുകളും നഷ്ടത്തിലാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി പറയുന്നു. രണ്ടായിരത്തോളം സ്വകാര്യ ബസുകള്‍ വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ 12.5 ശതമാനം സര്‍വീസുകള്‍ക്ക് ജി-ഫോം നല്‍കാനാണ് നീക്കം. സ്വകാര്യ ബസുകളുടെ നികുതി 50 ശതമാനം കുറച്ചിട്ടുണ്ടെങ്കിലും സര്‍വീസിലുണ്ടായ നഷ്ടം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് ബസുടമകള്‍ പറയുന്നു. ഒരുദിവസം 3000 മുതല്‍ 4000 രൂപ വരെ നഷ്ടത്തിലാണ്. അതുകൊണ്ട് തന്നെ ടാക്സ് പകുതിയായി നല്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍, അസോസിയേഷന് അടുത്തദിവസം അടിയന്തര യോഗം ചേരും. തുടര്‍ന്ന് ബസുകള്‍ ജി-ഫോം കൊടുത്ത് നിശ്ചിത കാലയളവിലേക്ക് സര്‍വീസ് നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എറണാകുളം- മൂന്നാര്‍ റൂട്ടിലാണ് ഏറ്റവും പ്രശ്നം. ഇതുവഴി പത്ത് മിനിട്ട് ഇടവിട്ട് പ്രിയദര്‍ശിനി ബസുകള്‍ ഓടുന്നുണ്ട്.
തൊടുപുഴ- വണ്ണപ്പുറം- ചെറുതോണി, രാജാക്കാട്- നെടുങ്കണ്ടം, കുമളി- എറണാകുളം, കുമളി- കോട്ടയം, അടിമാലി- മൂന്നാര്‍, ചെറുതോണി- അടിമാലി റൂട്ടുകളിലും നഷ്ടം വലുതാണ്. പ്രധാന സ്റ്റാന്‍ഡുകളില്‍നിന്ന് സ്വകാര്യബസുകള്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ പത്തുമുതല്‍ 15 വരെ യാത്രക്കാരാണ് ഓരോ വാഹനത്തിനും ഉള്ളത്.
അതിര്‍ത്തി ഡിപ്പോകളില്‍നിന്ന് സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകള്‍ തമിഴ്നാട്ടിലൂടെ സര്‍വീസ് നടത്തുമ്പോള്‍ അവിടത്തെ സ്ത്രീകള്‍ക്കും കേരള ബസുകളില്‍ സൗജന്യമാണ്. കുമളി ഡിപ്പോയിലും ഇത് തന്നെയാണ് അവസ്ഥ.



