ജലജന്യരോഗങ്ങളുടെ വ്യാപനം തടയാന്‍ നടപടി: ജില്ലയിലെ സ്കൂളുകൾക്കും നിർദേശങ്ങൾ ; ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നടപടി

ഇടുക്കി : ഷിഗല്ല തുടങ്ങിയ ഭക്ഷ്യജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനും വിവിധ ഭക്ഷണശാലകളിലെ ഭക്ഷണത്തിന്റെയും ജലത്തിന്റേയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി മെയ് 28 മുതല്‍ ജൂണ്‍ 14 വരെ തുടര്‍ച്ചയായി പ്രത്യേക പരിശോധനകള്‍ നടത്തി. 251 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയ ചെറിയ ന്യൂനതകള്‍ക്ക് 56 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടിസും ഗുരുതര വീഴ്ചകള്‍ക്ക് 43 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 7 സ്ഥാപനങ്ങള്‍ക്ക് സേവനം മെച്ചപ്പെടുത്താനുള്ള നോട്ടീസും നല്‍കി. വെള്ളം, ജൂസ് മുതലായവയുടെ 15 സാമ്പിളുകള്‍ പരിശോധിച്ചു.
പഴയരിക്കണ്ടം സര്‍ക്കാര്‍ സ്‌കൂളില്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനയില്‍ മുട്ട പുഴുങ്ങുന്നുതും തണുപ്പിക്കുന്നതും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കി.
ഭക്ഷണത്തിലൂടെയും, കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാലജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരെ കണ്ടെത്തി സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചുവരുന്നു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഭക്ഷ്യഉപദേശക സമിതി യോഗത്തില്‍ ഡി വൈ എസ് പി ജോയ് മാത്യു, ഡി.എം.ഒ, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. സുമിന്‍ ജോസ്, അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു പി. ജോസഫ്, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു



