Sports

എംബാപ്പെയും വീണു; ഫ്രാന്‍സിന് പെയിന്‍; സ്‌പെയിന്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്

ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മിക്കേല്‍ ഒയാര്‍സബാലും പെഡ്രോ പോറോയും സ്‌പെയിനായി ഗോള്‍ നേടി. തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാന്‍സിന്റെ സ്വപ്നങ്ങള്‍ തട്ടിത്തെറിപ്പിച്ച് ഫൈനലിലേക്ക് ലാ റോജകളുടെ മാസ്സ് എന്‍ട്രിയാണ് കണ്ടത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചത് ഫ്രാന്‍സ്. എന്നാല്‍ ലീഡെഡുത്തത് സ്‌പെയിന്‍ ആയിരുന്നു.

ലമീന്‍ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്‌നെ ചവിട്ടിവീഴ്ത്തിയതിന് സ്‌പെയിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ഒയാര്‍സബാലിന് പിഴച്ചില്ല. ടൂര്‍ണമെന്റില്‍ ഒയാര്‍സബാലിന്റെ അഞ്ചാം ഗോള്‍. ഈ ലോകകപ്പില്‍ ആദ്യമായി ഫ്രാന്‍സ് പിന്നില്‍പ്പോയതോടെ ആരാധകരുടെ ചങ്ക് കലങ്ങി.

ഗോളടിച്ചുകൂട്ടി എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ഫ്രഞ്ച് മുന്നേറ്റനിരയെ കത്രികപൂട്ടിട്ട് പൂട്ടി സ്പാനിഷ് അര്‍മാഡകള്‍. കളം നിറഞ്ഞ് കളിച്ച് കുബാര്‍സിയും കുക്കുറേയയും. മധ്യനിരയിലും സ്‌പെയിന്റെ സമ്പൂര്‍ണാധിപത്യം. ഇതിനിടെ പ്രതിരോധ കോട്ടയിലെ വിശ്വസ്തന്‍ വില്യം സാലിബ പരുക്കേറ്റ് പുറത്തുപോയതും ഫ്രാന്‍സിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പെഡ്രോ പോറോയിലൂടെ സ്‌പെയിന്‍ ലീഡുയര്‍ത്തി. ഡാനി ഓല്‍മോയുടെ പാസ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു പോറോ.

ഗോള്‍ മടക്കാനുള്ള ശ്രമങ്ങളെല്ലാം ഗോള്‍ കീപ്പര്‍ ഉനായ് സിമോണും പ്രതിരോധനിരയും തട്ടിത്തെറിപ്പിച്ചതോടെ ഡാളസ് ദിദിയര്‍ ദെഷാംപ്‌സിനും സംഘത്തിനും വാട്ടര്‍ലൂവായി. ദെഷാംപ്‌സിന്റെ തന്ത്രങ്ങളെല്ലാം പൊസഷന്‍ ഫുട്‌ബോളിന്റെ കരുത്തില്‍ നിഷ്പ്രഭമാക്കിയ സ്‌പെയിന് 2010ന് ശേഷം ആദ്യ ഫൈനല്‍. ഇന്ന് നടക്കുന്ന അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ സ്‌പെയിന്റെ എതിരാളികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!