പശ്ചിമഘട്ട മലനിരകളിൽ വീണ്ടുമൊരു നീല വസന്തം: നീലക്കുറിഞ്ഞിയെ വരവേൽക്കാൻ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം..

മൂന്നാർ : യാത്രാപ്രേമികളെയും പ്രകൃതിസ്നേഹികളെയും ഒരേപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പശ്ചിമഘട്ട മലനിരകൾ വീണ്ടുമൊരു നീലപ്പട്ടുടുക്കാൻ ഒരുങ്ങുകയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട കുറിഞ്ഞിപ്പൂക്കളാണ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞി വസന്തം വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും പൂത്തുതുടങ്ങിയിരിക്കുന്നു.
ഇത്തവണത്തെ കുറിഞ്ഞി സീസണിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമാകുന്നത് പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന ഈ നീലവസന്തം. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.
കുറിഞ്ഞി സീസൺ പ്രമാണിച്ച് വൻതോതിൽ എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടം അനൗദ്യോഗികമായി ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദേവികുളം സബ് കളക്ടർ വി.എം.ആര്യയുടെ നേതൃത്വത്തിൽ വനംവകുപ്പ്, കെ.എഫ്.ഡി.സി, ഡി.ടി.പി.സി, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നു. സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് പ്രധാന തീരുമാനം. മേഖലയിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും
മനുഷ്യൻ ഒഴിഞ്ഞുപോയ മണ്ണിൽ പ്രകൃതി വീണ്ടുമൊരു വിസ്മയമൊരുക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾ. വിനോദസഞ്ചാരത്തിനൊപ്പം കനത്ത പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ഈ നീലവസന്തത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അധികൃതർ.



