വൈദ്യുതി പ്രതിസന്ധിക്കുകാരണം വകുപ്പ് മന്ത്രിയുടെ വിവരക്കേട്: ഇപ്പോഴുള്ളത് കാഴ്ചപ്പാടില്ലാത്ത സർക്കാർ’; എംഎം മണി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കുകാരണം വൈദ്യുതി മന്ത്രിയുടെ വിവരക്കേടെന്ന് മുൻമന്ത്രി എംഎം മണി . വൈദ്യുതി കുറവെങ്കിൽ കാശുകൊടുത്തു വാങ്ങണം. ജനങ്ങൾ പണം നൽകിക്കോളും. ഇല്ലെങ്കിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചിരിക്കേണ്ടി വരും. ഇപ്പോഴുള്ളത് കാഴ്ചപ്പാടില്ലാത്ത സർക്കാരാണെന്നും മഴയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുകയല്ല ചെയ്യേണ്ടതെന്നും എംഎം മണി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് വിമർശനവുമായി എംഎം മണി രംഗത്തെത്തിയത്.കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഇനിയും തുടർന്നേക്കും. വൈദ്യുതിനിയന്ത്രണം അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി ഉപഭോഗം കൂടിയതും ഡാമുകളിൽ വെള്ളം കുറഞ്ഞതും തിരിച്ചടിയായി.
വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തു. മലപ്പുറം തിരൂരിൽ പരിയാരം കെഎസ്ഇബിയിൽ മെഴുകുതിരി കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. വൈദ്യുതി തടസ്സത്തെ തുടർന്ന് ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ കഴിയാത്തതിൽ തൃശൂർ അന്നമനടയിൽ കെഎസ്ഇബി ഓഫീസിൽ യുവാവ് ആക്രമണം നടത്തി. ജീവനക്കാരന് പരുക്കേറ്റിരുന്നു



