CrimeLatest NewsLocal news
തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്ത സംഭവം; പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്

ഇടുക്കി: തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്ത സമയം ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ട്. കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനും ഡ്രൈവർ ജിജോ ആന്റണിയും മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. റിപ്പോർട്ട് ഇടുക്കി എസ്പി ഡിജിപിക്ക് കൈമാറി.
ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശന പരിപാടിയിലാണ് ഉദ്യോഗസ്ഥർ മദ്യപിച്ചെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഇരുവരെയും തടഞ്ഞുവെയ്ക്കുകയായിരുന്നു. അന്നേദിവസം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇരുനൂറോളം നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.



