ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വില നിജപ്പെടുത്തി:ചായയ്ക്കും പൊറോട്ടയ്ക്കും 15 രൂപ, ഊണിന് 80

ഈ വര്‍ഷത്തെ ശബരിമല മഹോത്സവത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ഇടത്താവളങ്ങളിലുള്ള വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് വില നിര്‍ണ്ണയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉത്തരവിട്ടു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വിലയാണ് നിജപ്പെടുത്തിയത്. ഇതുപ്രകാരം കുത്തരി ഊണിനും വെജിറ്റബിള്‍ ബിരിയാണിക്കും 80 രൂപ, കഞ്ഞിക്ക് 45 രൂപ, ചായ, കാപ്പി, നാരങ്ങാവെള്ളം എന്നിവയ്ക്ക് 15 രൂപ, നെയ്റോസ്റ്റ്, മസാല ദോശ എന്നിവയ്ക്ക് 60 രൂപ, പൂരി മസാലയ്ക്ക് 50 രൂപ, കപ്പയ്ക്ക് 35 രൂപ, ബോണ്ട, ഉള്ളിവട, ബജി എന്നിവയ്ക്ക് 12 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. മില്‍മ ഉത്പന്നങ്ങള്‍ എംആര്‍പി വിലയിലാണ് വില്‍ക്കേണ്ടത്.
ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും വിലവിവരപ്പട്ടിക മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ആറു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. ശബരിമല തീര്‍ഥാടകര്‍ക്ക് പരാതി അറിയിക്കുന്നതിന് പൊതുവിതരണ, ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തണം.
ശബരിമല തീര്‍ഥാടകരില്‍ നിന്ന് അധിക വില ഈടാക്കുന്നതിന് സംയുക്ത സ്ക്വാഡ് പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



