KeralaLatest NewsLocal news
ദേവികുളം താലൂക്കിൽ മഴ തുടരുന്നു : കല്ലാർ അറുപതാംമൈലിന് സമീപം മണ്ണിടിച്ചിൽ

മൂന്നാർ : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാർ അറുപതാംമൈലിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിർമ്മാണത്തിലിരുന്ന റോഡിൻ്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. നിലവിൽ ഗതാഗത തടസ്സമില്ല.
പ്രദേശത്ത് റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ശക്തമായ മഴയാണ് അടിമാലി മൂന്നാർ മേഖലകളിൽ ഇന്നലെ രേഖപ്പെടുത്തിയത്.
മേഖലയിൽ മഴ പൂർണ്ണമായും മാറിയിട്ടില്ലാത്തതിനാൽ വീണ്ടും കനത്ത മഴ പെയ്താൽ കൂടുതൽ മണ്ണിടിച്ചിലിനും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുന്നതിനും സാധ്യതയുണ്ട്. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്


