ഡൽഹി സമരത്തിൽ ‘ക്വാട്ട’ തികച്ചില്ല: കൊല്ലം, ഇടുക്കി നേതൃത്വങ്ങളോട് വിശദീകരണം തേടും

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഡൽഹി രാംലീലാ മൈതാനിയിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പ്രവർത്തകരുടെ നിശ്ചയിച്ച ക്വാട്ട പാലിക്കപ്പെട്ടില്ലെന്ന് വിമർശനം. സംഭവത്തിൽ കൊല്ലം, ഇടുക്കി ജില്ലാ നേതൃത്വങ്ങൾക്കെതിരെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. ഡൽഹിയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജില്ലാ ഘടകങ്ങൾ നിശ്ചയിച്ച ക്വാട്ട പാലിച്ചില്ലെന്ന വിലയിരുത്തലുണ്ടായത്. വീഴ്ചവരുത്തിയ കൊല്ലം, ഇടുക്കി ജില്ലാ നേതൃത്വങ്ങളോട് പാർട്ടി ഔദ്യോഗികമായി വിശദീകരണം തേടും.
എക്സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഡൽഹി സമരത്തിൽ കേരളത്തിൽനിന്ന് ആകെ 1400-ൽ പരം പാർട്ടി പ്രവർത്തകരാണ് പങ്കെടുത്തത്. കൊല്ലം ജില്ലയിൽനിന്ന് ഇരുന്നൂറ്റൻപതോളം പേരെ ഡൽഹിയിലെത്തിക്കാനായിരുന്നു പാർട്ടി നിർദേശിച്ചിരുന്നതെങ്കിലും 190 പേർ മാത്രമാണ് രാംലീലാ മൈതാനിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തത്. സമാനമായ രീതിയിൽ ഇടുക്കി ജില്ലയിൽനിന്നും മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രാതിനിധ്യം ഉണ്ടായില്ല. സംസ്ഥാന എക്സിക്യൂട്ടീവ് ഓരോ ജില്ലാ ഘടകങ്ങൾക്കും വ്യക്തമായ ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നെങ്കിലും കൊല്ലം, ഇടുക്കി ജില്ലകൾ അത് പൂർണമായും പാലിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.



