പേഴ്സണല്‍ സ്റ്റാഫ് നിയമനം; ‘എവിടെനിന്നാണ് കണക്ക് കിട്ടിയത്? ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകളുണ്ടായിട്ടും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണരൂപം:എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്.
കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന് മാസ്റ്റര്‍, കെ. രാധാകൃഷ്ണന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാന് രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.ഈ സര്‍ക്കാര്‍ ഇതുവരെ 476 പേഴ്സണല്‍ സ്റ്റാഫുകളെ മാത്രമാണ് നിയമിച്ചതെന്നും കഴിഞ്ഞ സര്‍ക്കാര്‍ 787 പേരെയാണ് നിയമിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്



