മൂന്നാറിൽ കടുവാഭീതി ഒഴിയുന്നില്ല: ഗുഡാർവേല എസ്റ്റേറ്റിന് പിന്നാലെ മാട്ടുപ്പെട്ടിയിലും കടുവയുടെ സാന്നിധ്യം.

മൂന്നാറിലെ തോട്ടം മേഖലകളിൽ കടുവാഭീതി വീണ്ടും ശക്തമാകുകയാണ്. ഗുഡാർവേല എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മാട്ടുപ്പെട്ടിയിലും കടുവയെ കണ്ടത്. ജനവാസ മേഖലയ്ക്ക് സമീപം കഴിഞ്ഞ ദിവസം തൊഴിലാളിയാണ് കടുവയെ നേരിൽ കണ്ടത്. തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. ഇതോടെ തൊഴിലാളികളും കുടുംബങ്ങളും വലിയ ആശങ്കയിലാണ്.
കടുവയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി മൂന്നാർ, ദേവികുളം ഡിവിഷനുകളിലായി മുപ്പതിലധികം ക്യാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. സൗത്തുപാറ, തെന്മല, ഹാപ്പിസ്റ്റോർ, പാമ്പൻമല, നെട്ടിക്കൂടി, മാട്ടുപ്പെട്ടി തുടങ്ങിയ മേഖലകളിലാണ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നത്.തോട്ടം മേഖലകളിൽ കടുവയുടെ സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും കന്നുകാലികൾക്ക് നേരെയുള്ള ആക്രമണം പതിവാകുന്നതും തൊഴിലാളികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങുന്നത് തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് തൊഴിലാളികളുടെ പരാതി.



