CrimeKeralaLatest NewsLocal news

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു; തിന്നര്‍ കുടിച്ചെന്ന് പിതാവ്…

അടിമാലിയിൽ ഒരു വയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു. അടിമാലി വലിയകാട്ടിൽ അഫ്സൽ- സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കുഞ്ഞുങ്ങളെ ഗുരുതരാവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞുങ്ങൾ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ കുടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പിതാവ് പൊലീസിന് നൽകിയ വിവരം. എന്നാൽ മരണത്തിൽ ദുരൂഹത സംശയിക്കുന്ന പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് അരമണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ഒരു കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാനായില്ല. വീട്ടിനുള്ളിൽ വെച്ച് തിന്നർ കുടിച്ചതായി കണ്ട് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ വിഷബാധയാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സംഭവത്തിൽ അടിമാലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!