
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാലാണ് നീക്കം.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ അവസ്ഥയില്‍ തുടരുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട് – കെഎസ്ഇബി വ്യക്തമാക്കി



