കടലില്‍ ചൂട് കൂടുന്നു, കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലക്ക് ഭീഷണിയാകുന്നതായി വിദഗ്ധർ

സമുദ്രോപരിതല താപനിലയിലെ വര്‍ധനവ്, ഉഷ്ണതരംഗങ്ങള്‍, മത്സ്യലഭ്യതയിലെ മാറ്റങ്ങള്‍, പവിഴപ്പുറ്റുകളുടെ നാശം, ഉപദ്രവകാരികളായ ആല്‍ഗകളുടെ പെരുകല്‍ (ആല്‍ഗല്‍ ബ്ലൂം) എന്നിവ സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതായി സമുദ്ര ശാസ്ത്രജ്ഞര്‍. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സഥാപനത്തില്‍ (സിഎംഫ്ആര്‍ഐ) ആരംഭിച്ച രാജ്യാന്തര ട്രെവര്‍ സഫാരി സിമ്പോസിയത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
സമുദ്ര ആവാസവ്യവസ്ഥയിലെ ഭൗതിക-ജൈവ മാറ്റങ്ങള്‍ കൂടുതല്‍ കൃത്യമായി മനസ്സിലാക്കുന്നതിനും സമയബന്ധിതമായ സമുദ്ര മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിനുള്ള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇതിനായി, സാറ്റ്‌ലൈറ്റ് റിമോട്ട് സെന്‍സിംഗ്, സമുദ്രനിരീക്ഷണ സംവിധാനങ്ങള്‍, കാലാവസ്ഥാ മോഡലുകള്‍, നിര്‍മിതബുദ്ധി എന്നിവ ഏകോപിപ്പിക്കണമെന്നും വിദഗധര്‍ പറഞ്ഞു.
30 രാജ്യങ്ങളില്‍ നിന്നുള്ള ഫിഷറീസ്, കാലാവസ്ഥ പഠനം, സമുദ്രനിരീക്ഷണം, റിമോട് സെന്‍സിംഗ് മേഖലകളിലെ മുന്നൂറിലേറെ വിദ്ഗധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ ഒബ്സര്‍വേഷന്‍ ഓഫ് ദി ഗ്ലോബല്‍ ഓഷ്യന്‍ (പോഗോ) സിഇഒ ഡോ. സോഫി സീയാവെ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിവരങ്ങള്‍ കൃത്യമായി ഉപയോഗിച്ച് മത്സ്യബന്ധന മേഖലകള്‍ പ്രവചിക്കുന്നതിനും, ആല്‍ഗല്‍ ബ്ലൂം സാന്നിധ്യം കണ്ടെത്തുന്നതിനും, കടല്‍ ഉഷ്ണതരംഗങ്ങളും മോശം കാലാവസ്ഥയും മുന്‍കൂട്ടി പ്രവചിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനം മൂലം കടലിലെ ഉല്‍പദാന ക്ഷമതയില്‍ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഗ്രീസിലെ നാഷണല്‍ ആന്‍ഡ് കപോഡിസ്ട്രിയന്‍ സര്‍വകലാശാലയിലെ ഡോ. ജോണ്‍ എ. ഗിറ്റിംഗ്സ് പറഞ്ഞു. ചുഴലിക്കാറ്റുകള്‍, വരള്‍ച്ച, കാട്ടുതീ, ഉഷ്ണതരംഗങ്ങള്‍ എന്നിവയുടെ എണ്ണം സമീപദശകങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചത് സമുദ്രജീവികളുടെ ശാരീരിക ഘടനയിലും, എണ്ണത്തിലും, വിതരണത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതിനാല്‍, തുടര്‍ച്ചയായ സമുദ്രനിരീക്ഷണം അനിവാര്യമാണെന്ന് സിമ്പോസിയം വിലയിരുത്തി



