ഇരുമ്പുപാലം പന്ത്രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ‘എവറസ്റ്റ് സ്‌പൈസസിൽ മോഷണശ്രമം: രണ്ടുപേരെ പിടികൂടി.

അടിമാലി : ചൊവ്വാഴ്ച രാത്രി മൂന്നാറില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചെത്തിയ സംഘമാണ് പന്ത്രണ്ടാം മൈലിലെ സ്‌പൈസസ് സ്ഥാപനത്തില്‍ കവര്‍ച്ചയ്ക്ക് മുതിര്‍ന്നത്. ആലപ്പുഴ മറ്റപ്പിള്ളി സ്വദേശി അനന്ദു (18), പത്തനംതിട്ട കുളനട സ്വദേശി അലന്‍ (18) എന്നിവരാണ് അറസ്റ്റിലായത്.

രാത്രി 11 മണിയോടെ സ്ഥാപനത്തിന്റെ ചില്ല് തകര്‍ക്കുന്ന ശബ്ദം കേട്ട് ഉടമ ഓടിയെത്തുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ വാളറ യാക്കോബായ പള്ളിക്ക് സമീപം കവര്‍ച്ചാ ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ മലമുകളിലെ കാട്ടിലേക്ക് ഓടിക്കയറി. വിവരമറിഞ്ഞെത്തിയ അടിമാലി പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന അനന്ദുവിനെ കഴിഞ്ഞ രാത്രി വാളറയില്‍ വെച്ച് പിടികൂടി
രക്ഷപ്പെട്ട കൂട്ടുപ്രതി അലനായി വാളറ ഭാഗത്തും പരിസരങ്ങളിലും പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ഇന്ന് രാവിലെയോടെ ഇയാളെയും പിടികൂടുകയുമായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൂന്നാര്‍ സ്വദേശിയുടേതാണെന്നും ഇത് മോഷ്ടിച്ചതാണെന്നും പോലീസ് സ്ഥിരീകരിച്ചു. പിടിയിലായ അനന്ദു കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളിലും അലന്‍ അടിപിടി, പോക്‌സോ കേസുകളിലും പ്രതിയാണെന്ന് അടിമാലി പോലീസ് അറിയിച്ചു. ഇരുവരെയും കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.



