മൊബൈൽ ഫോൺ അഡിക്ഷനും ലഹരിക്കുമെതിരെ വേറിട്ട മാതൃകയുമായി രാജകുമാരി ‘ഷിൻ ഗി തായ്’ സ്കൂൾ ഓഫ് കരാട്ടെ.

രാജകുമാരി :പുത്തൻ തലമുറയെ കാർന്നുതിന്നുന്ന മൊബൈൽ ഫോൺ അഡിക്ഷനും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരി ഷിൻ ഗി തായ് സ്കൂൾ ഓഫ് കരാട്ടെയുടെ നേതൃത്വത്തിൽ വിപുലമായ അവയർനെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം 2 മണി മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു ക്ലാസ്സ് നടന്നത്
പഠനത്തിലും ജീവിതത്തിലും എങ്ങനെ മികച്ച വിജയം കൈവരിക്കാം എന്നതിനെക്കുറിച്ച് പ്രമുഖ ചിൽഡ്രൻസ് മോട്ടിവേഷൻ സ്പീക്കർ ബാബു പൊന്നോത് കുട്ടികൾക്കായി ക്ലാസ്സ് നയിച്ചു. ലളിതവും രസകരവുമായ അവതരണത്തിലൂടെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്നും ലഹരി മാഫിയകളുടെ കെണിയിൽ വീഴാതെ എങ്ങനെ സ്വയം സുരക്ഷിതരാകാമെന്നും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
ഷിൻ ഗി തായ് സ്കൂൾ ഓഫ് കരാട്ടെ പ്രസിഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ ഷിഹാൻ ഷാഹിദ് വി.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികളിൽ ശാരീരികക്ഷമതയോടൊപ്പം തന്നെ മാനസികമായ കരുത്തും വളർത്തിയെടുക്കുകയാണ് ഇത്തരം ക്ലാസ്സുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ സെക്രട്ടറി അഡ്വ. സുബിൻ ചാക്കോ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
തുടർന്ന് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത സംവാദവും നടന്നു. ആയോധനകലകളുടെ പരിശീലനത്തിനൊപ്പം തന്നെ സമൂഹത്തിന് മാതൃകയാകുന്ന ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച കരാട്ടെ സ്കൂളിന്റെ നടപടിയെ രക്ഷിതാക്കളും അഭിനന്ദിച്ചു.



