രാജാക്കാട് വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടം: വൻ ദുരന്തം ഒഴിവായി, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

രാജാക്കാട് : രാജാക്കാട് സമീപത്തെ വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് തഞ്ചാവൂരിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി തഞ്ചാവൂരിൽ നിന്നും പുറപ്പെട്ട 22 അംഗ സംഘമാണ് യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ ഏകദേശം 9.30ഓടെയാണ് അപകടം നടന്നത്. കുത്തിറക്കമുള്ള വഴിയിലൂടെ ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട മിനിബസ് സമീപത്തെ ഒരു മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇതിലൂടെ വലിയ ദുരന്തമാണ് ഒഴിവായത് .
വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളുടെ നേതൃത്വത്തിൽ അതിവേഗ രക്ഷാപ്രവർത്തനമാണ് നടന്നത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആനന്ദ്, സഞ്ചാരികളായ അമീന ബീബി, പർവ്വിൻ ബാനു എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഈ മേഖലയിലെ അപകടകരമായ വളവുകളിലും കുത്തിറക്കങ്ങളിലും പതിവായി അപകടത്തിൽപ്പെടുന്നതായാണ് നാട്ടുകാർ പറയുന്നത്. റോഡുകളുടെ അപകടസാധ്യത പരിഗണിച്ച് എല്ലാ ഭാഷകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



