KeralaLatest NewsLocal news

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക്  സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ

മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തർക്ക്  സുഗമവും സുരക്ഷിതവുമായ ദർശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടര്‍  രജ്ഞീത്ത് സിംഗ് എന്നിവർ അറിയിച്ചു.

പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ വിലയിരുത്തിയിരുന്നതിനായി ചേർന്ന ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

ഭക്തജനങ്ങൾക്ക് മെയ് 1 ന് പുലർച്ചെ 6 മുതൽ പ്രവേശനം അനുവദിക്കും. അതിന് മുൻപേ പൂജാരിമാരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. ഉച്ചയ്ക്ക് 2.30 ന് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. മോട്ടോർ വാഹന വകുപ്പ് അനുവദിക്കുന്ന പാസുള്ള വാഹനങ്ങൾ മാത്രമേ കയറ്റി വിടുകയുള്ളൂ. വാഹനങ്ങൾ ഭക്തരെ ഇറക്കി തിരിച്ചു പോകണം. യാതൊരു കാരണവശാലും ക്ഷേത്രപരിസരത്ത് പാർക്കിംഗ് അനുവദിക്കില്ല. ട്രാക്ടറുകൾക്ക് അനുമതി നൽകില്ല.

ഇരു സംസ്ഥാനങ്ങളിലെയും ഭക്തർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന്  ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ചൂട് വളരെ കൂടുതലായതിനാൽ ബാരിക്കേഡിന് മുകളിലായി പന്തൽ സ്ഥാപിക്കും. ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കും. കൂടാതെ ടോയ്‌ലറ്റ്, ആമ്പുലൻസ് സൗകര്യവുമുണ്ടാകും. വൈദ്യ സഹായത്തിനായി മെഡിക്കൽ ടീമിൻ്റെ സേവനവും ലഭ്യമാക്കും. അഗ്നിശമനസേനയുടെ യൂണിറ്റുകൾ ക്ഷേത്രപരിസരത്തും കൊക്കരക്കുളത്തും  സജ്ജമാക്കും.

വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയ്ക്ക് മുന്‍തൂക്കം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

കുമളി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തിൽ ചേർന്ന അന്തർസംസ്ഥാന യോഗത്തിൽ  ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് അഡീഷണൽ ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, തേനി ഡി. എഫ്. ഒ കിരൺ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!