
അടിമാലി : ഒരു ലക്ഷത്തി പതിനായിരത്തിലധികം വോട്ടുകളായിരുന്നു ഇത്തവണ ദേവികുളം മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതു മുതൽ രാഷ്ട്രീയ ആകാംക്ഷ ഉണർന്നു. വോട്ടിംഗ് മെഷ്യനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഘട്ടത്തിൽ ഫല സൂചനകൾ മാറി മറിഞ്ഞു.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മൂന്ന് റൗണ്ടുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി എഫ് രാജ മുന്നിട്ടു നിന്നു. റൗണ്ട് നാല് എണ്ണി കഴിഞ്ഞതോടെ എൽ ഡി എഫിന് മണ്ഡലത്തിൽ ലീഡുണ്ടായി. 170 വോട്ടുകൾക്കായി എ രാജ ലീഡ് ചെയ്തത്. അഞ്ചാം റൗണ്ടിൽ എ രാജ ലീഡ് 598 ആയി ഉയർത്തി. ആറാം റൗണ്ടിൽ എൽ ഡി എഫ് ലീഡ് നില കുറഞ്ഞ് 303 ആയി.ഏഴാം റൗണ്ടിൽ എ രാജ ലീഡ് 1056 ആയി ഉയർത്തിയതോടെ യു ഡി എഫ് കേന്ദ്രങ്ങളിൽ ചങ്കിടിപ്പേറി.
എന്നാൽ എട്ടാം റൗണ്ടിൽ എൽ ഡി എഫ് ലീഡ് നില 340 ആയി കുറഞ്ഞു. ഒമ്പതാം റൗണ്ടിൽ ഫല സൂചന മാറി മറിഞ്ഞ് യുഡിഎഫ് ലീഡിലേക്കെത്തി. 651 വോട്ടായിരുന്നു ഒമ്പതാം റൗണ്ടിൽ യു ഡി എഫിൻ്റെ ലീഡ്. പത്താം റൗണ്ടിലത് 2096 ആയി ഉയർന്നു. തുടർന്ന് വന്ന എല്ലാ റൗണ്ടുകളിലും യു ഡി എഫ് ക്രമാനുഗതമായി ലീഡ് നില ഉയർത്തി. പതിനാറാം റൗണ്ടിൽ എഫ് രാജയുടെ ലീഡ് 5233 ആയി മാറി. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി യു ഡി എഫ് മണ്ഡലത്തിൽ വ്യക്തമായ ആധിപത്യം നേടിയതോടെ രണ്ട് പതിറ്റാണ്ടിനിപ്പുറം ദേവികുളം വലത്തോട്ട് ചാഞ്ഞു.



