ശാന്തൻപാറ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് നാഥനില്ലാ കളരിയായി മാറുന്നു….

മൂന്നാർ : 2018-ൽ ശാന്തൻപാറയിൽ അനുവദിച്ച കോളജ് നിലവിൽ പ്രവർത്തിക്കുന്നത് സൗകര്യങ്ങൾ പരിമിതമായ പൂപ്പാറ പഞ്ചായത്ത് എൽ.പി. സ്കൂൾ കെട്ടിടത്തിലാണ്. സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ റവന്യൂ വകുപ്പ് പൂപ്പാറയിൽ സ്ഥലം വിട്ടുനൽകിയിട്ട് വർഷങ്ങളായെങ്കിലും ഒരു കല്ലുപോലും ഇതുവരെ സ്ഥാപിച്ചില്ല . 340 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമുള്ള ഇവിടെ നിലവിൽ നൂറിൽ താഴെ കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. ഹോസ്റ്റൽ സൗകര്യമോ ലാബുകളോ ഇല്ലാത്തതാണ് കുട്ടികൾ ഈ കോളജിനെ കൈവിടാൻ പ്രധാന കാരണം.
കോളജിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 2020-21 കാലയളവിൽ ഊരാളുങ്കൽ സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്. പത്ത് ലക്ഷം രൂപ ഫീസായി വാങ്ങി സൊസൈറ്റി സമർപ്പിച്ച 105 കോടിയുടെ പ്ലാൻ പക്ഷേ പ്രായോഗികമല്ലെന്ന് കണ്ട് ഉപേക്ഷിച്ചു. അനുവദിച്ച ഭൂമിയിൽ ഇത്രയും വലിയ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് തന്നെ കണ്ടെത്തിയതോടെ സർക്കാർ പണം പാഴായി. നിലവിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ 40 കോടിയുടെ പുതിയ പ്ലാൻ ധനവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
സ്ഥിരം സംവിധാനമാകും വരെ കുളപ്പാറച്ചാലിലെ കിൻഫ്ര അപ്പാരൽ പാർക്ക് കെട്ടിടത്തിലേക്ക് കോളജ് മാറ്റാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരു വർഷം മുൻപ് അനുമതി നൽകിയിരുന്നു. 36,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം പ്രതിമാസം 3.5 ലക്ഷം രൂപ വാടകയ്ക്ക് എടുക്കാനായിരുന്നു തീരുമാനം. എന്നാൽ പൊതുമരാമത്ത് വകുപ്പ് വാടക സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നത് മൂലം ഈ നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്.
കോഴ്സുകൾ നഷ്ടമാകുന്നു
രണ്ട് പുതിയ കോഴ്സുകൾ കൂടി അനുവദിക്കാൻ സർവകലാശാല തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും കെട്ടിടമില്ലാത്ത സാഹചര്യത്തിൽ അത് ലഭിക്കാനിടയില്ല. പുതുതലമുറ കോഴ്സുകൾ തുടങ്ങുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇടുക്കിയിലെ ഈ സർക്കാർ കലാലയത്തെ രക്ഷിക്കാനാകൂ. ഉന്നത അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മലയോരത്തെ വിദ്യാർത്ഥികൾക്കായി തുറന്ന ഈ വിദ്യാലയത്തിന്റെ വാതിലുകൾ എന്നന്നേക്കുമായി അടഞ്ഞുപോകും.



