ദേവികുളം താലൂക്ക് പരിധിയിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിന് വാഹനമില്ലാത്തത് പ്രതിസന്ധിയാകുന്നു…

അടിമാലി: ആരോഗ്യ വകുപ്പിന് കീഴിൽ ദേവികുളം താലൂക്ക് പരിധിയിലെ വിവിധ ആദിവാസി ഇടങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാക്കി വന്നിരുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിന് വാഹനമില്ലാത്തത് പ്രതിസന്ധിയാകുന്നു. ഒരു ഡോക്ടർ അടക്കം അഞ്ച് പേരാണ് ഗോത്രമേഖലകളിൽ ആരോഗ്യസേവനം എത്തിക്കുവാൻ വേണ്ടുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിലുള്ളത്. താലൂക്ക് പരിധിയിലെ വിവിധ ആദിവാസി ഇടങ്ങളിൽ എത്തി ക്യാമ്പുകൾ നടത്തുക, ആരോഗ്യ പരിശോധനകൾ നടത്തുക, മരുന്നുകൾ വിതരണം ചെയ്യുക തുടങ്ങിയ വിവിധ കാര്യങ്ങളാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് ചെയ്തു പോരുന്നത്.
എന്നാൽ ഏതാനും നാളുകളായി മൊബൈൽ മെഡിക്കൽ യൂണിറ്റിനായി വാഹനമില്ലാത്തത് യൂണിറ്റിൻ്റെ നല്ല നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഉണ്ടായിരുന്ന വാഹനം ലേലം ചെയ്തു പോയതോടെയാണ് പ്രതിസന്ധി രൂപം കൊണ്ടത്. പിന്നീട് യൂണിറ്റിനായി സമയബന്ധിതമായി വാഹനം ലഭിച്ചതുമില്ല. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും താൽക്കാലികമായി അറേഞ്ച് ചെയ്തു നൽകുന്ന വാഹനമാണ് മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ ഇപ്പോഴത്തെ ആശ്രയം. എന്നാൽ ചില ദിവസങ്ങളിൽ വാഹനമില്ലാതെ വരുന്നതോടെ ഗോത്രമേഖലകളിൽ അറേഞ്ച് ചെയ്യപ്പെടുന്ന ക്യാമ്പുകൾ അടക്കം മുടങ്ങും.കഴിഞ്ഞ ദിവസം അടിമാലി മച്ചിപ്ലാവ് കുടിയിലടക്കം ഇത്തരത്തിൽ മുമ്പെ പ്രഖ്യാപിച്ച ക്യാമ്പ് മുടങ്ങി.
നിരവധി പേർ ക്യാമ്പിനായി കാത്ത് നിന്ന ശേഷം തിരികെ പോകുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് മൊബൈൽ മെഡിക്കൽ യൂണിറ്റിനായി ജില്ലാ ആരോഗ്യ വകുപ്പ് ഇടപ്പെട്ട് വാഹനമൊരുക്കി നൽകാൻ നടപടി വേണമെന്ന ആവശ്യമുയർന്നിട്ടുള്ളത്. ഹെൽത്ത് സർവ്വീസിനായി ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് മാത്രമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.ഈ യൂണിറ്റിന് വാഹനമൊരുക്കി നൽകാൻ കഴിയാത്തത് ജില്ലാ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്.
മൊബൈൽ യൂണിറ്റിൻ്റെ ഭാഗമായി ഉള്ള ഡോക്ടറെ വർക്കിംഗ് അറേഞ്ച്മെൻ്റിൻ്റെ പേരിൽ മറ്റൊരിടത്തേക്ക് ജില്ലാ ആരോഗ്യ വകുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കാൻ നീക്കം നടത്തുന്നതായും വിവരമുണ്ട്. ഈ നിലയിൽ കാര്യങ്ങൾ മുമ്പോട്ട് പോയാൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ പ്രവർത്തനം താളം തെറ്റുമോയെന്നും ആശങ്ക ഉയരുന്നു.ചികിത്സാ സൗകര്യങ്ങൾ കുറവുള്ള ആദിവാസി ഉന്നതികൾക്ക് ആശ്വാസമായിരുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ പ്രവർത്തനം വാഹനമടക്കം അനുവദിച്ച് കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടു പോകാൻ നടപടി വേണമെന്നാണ് ആവശ്യം.



