സസ്യലോകത്തെ പുതിയ സുന്ദരി; ഇടുക്കിയിൽ കണ്ടെത്തിയത് അതിതീവ്ര വംശനാശഭീഷണി നേരിടുന്ന സസ്യത്തെ

അടിമാലി : പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ഗവേഷകര്‍. മാങ്കുളം, കല്ലാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 1380 മുതല്‍ 1480 മീറ്റര്‍ വരെയുള്ള ഉയരത്തില്‍ നിന്നാണ് മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസില്‍പ്പെട്ട സസ്യത്തെ കണ്ടെത്തിയത്.
കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം മുന്‍ മേധാവിയും സീനിയര്‍ പ്രഫസറുമായിരുന്ന ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് സര്‍വകലാശാല മുന്‍ ഗവേഷകയും നിലവില്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച് അസോസിയേറ്റുമായ ഡോ. എസ്. രശ്മി, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ. കാര്‍ത്തികേയന്‍, കാലിക്കറ്റ് സര്‍വകലാശാല ഗവേഷകയായിരുന്ന ഡോ. ഡാനി ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ. വിഷ്ണു മോഹന്‍ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
ഫിന്‍ലാന്‍ഡില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്‍ണലായ ‘അനല്‍സ് ബോട്ടണിസി’ ഫെന്നിസിയില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോണറില ജനുസ്സിനെ സസ്യലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന വില്യം റോക്‌സ്ബര്‍ഗിനോടുള്ള ആദരസൂചകമായി സോണറില റോക്സ്ബര്‍ഗി’ എന്നാണ് ഇതിനു ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്



