KeralaLatest News

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല; ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല; ഇത് ജനകീയാരോഹണം; വി ഡി സതീശന്‍ എന്ന വിസ്മയം

രാഷ്ട്രീയത്തിലെ എല്ലാ പാരമ്പര്യങ്ങളെയും സംഘടനാ കീഴ് വഴക്കങ്ങളെയും തകര്‍ത്ത് കൊണ്ടാണ് വി ഡി സതീശന്‍ ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പതിവ് രീതികളെ മറികടന്ന് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്‍ അതുമൊരു വിസ്മയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിസ്മയങ്ങള്‍ കാത്തിരിക്കാന്‍ പറഞ്ഞ നേതാവ് സ്വയമൊരു വിസ്മയമായി മാറുന്ന ചരിത്ര മൂഹൂര്‍ത്തമാണ് അരങ്ങേറുന്നത്.

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല, എംഎല്‍എമാരുടെ ഭൂരിപക്ഷം മറികടന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരാളെ മുഖ്യമന്ത്രിയാക്കുന്നത് ഇതാദ്യമാണ്. ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല. എന്നിട്ടും വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. തെരുവുകളെ പ്രതിഷേധക്കളമാക്കിയ ആയിരങ്ങളുടെ പിന്തുണയില്‍ ആണ് സതീശനെ ഇന്നീക്കാണുന്ന ഉയരങ്ങളിലേക്ക് എത്തിച്ചത്. ജനവികാരത്തിന് മുകളിലല്ല ഒരു സംഘടനാ കീഴ്‌വഴക്കങ്ങളും പാരമ്പര്യവുമെന്ന് തെളിയിച്ചു കൊണ്ടാണ് സതീശന്‍ അധികാരക്കസേരയിലേക്ക് അമര്‍ന്നിരിക്കുന്നത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളികളിലും അവഗണനയിലും മനംമടുത്ത് ഒരിക്കല്‍ സജീവ രാഷ്ട്രീയം തന്നെ അവസാനിപ്പിച്ചയാളാണ് വി ഡി സതീശന്‍. എല്ലാം അവസാനിച്ചെന്ന് തോന്നുന്നിടത്ത് നിന്നാണ് സതീശന്റെ ഉയിര്‍പ്പ്. 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് എത്തിയതോടെയാണ് വി ഡി സതീശന്റെ കഴിവും പ്രാഗത്ഭ്യവും കേരളമറിഞ്ഞത്.

സ്‌കൂള്‍ കാലം മുതല്‍ മികച്ച പ്രസംഗകനായിരുന്നു സതീശന്‍. നിയമസഭയില്‍ എത്തിയതോടെ കോണ്‍ഗ്രസിന്റെ ശബ്ദമായി മാറി. 2006ലെ വിഎസ് സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ വലം കൈയായി. സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ കുന്തമുനയായി. വ്യാജ ലോട്ടറി മാഫിക്കെതിരെയുള്ള പോരാട്ടവും ധനമന്ത്രി തോമസ് ഐസക്കുമായുള്ള സംവാദവും വി ഡി സതീശനെ ഭാവിയുടെ നേതാവായി അടയാളപ്പെടുത്തി. എന്നിട്ടും, 2011 ല്‍ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു. സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ തിരസ്‌കാരത്തിന്റെ മറ്റൊരേട്.

തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് മുന്നണിയെ നയിക്കുക എന്ന നിയോഗമേറ്റെടുത്താണ് 2021ല്‍ പ്രതിപക്ഷ നേതാവായത്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന് പുതുജീവന്‍ ലഭിക്കുന്നതാണ് പിന്നീട് കണ്ടത്. സതീശന്റെ നാവിന്റെ മൂര്‍ച്ച പിണറായി സര്‍ക്കാരിനെ നോവിച്ചു. കൃത്യമായ ആസൂത്രണം. സോഷ്യല്‍ എന്‍ജിനീയറിംഗ്. എല്ലാ വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താനുള്ള ഇടപെടലുകള്‍. ജനമനമറിഞ്ഞുള്ള വാഗ്ദാനങ്ങള്‍. തികഞ്ഞ ആത്മ വിശ്വാസം ഇതെല്ലാം കൊണ്ടാണ് സതീശന്‍ 102 സീറ്റിന്റെ വലിയ വിജയത്തിലേക്ക് യുഡിഎഫിനെ എത്തിച്ചത്.Advertisementഉപതിരഞ്ഞടുപ്പുകളിലും ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ തിരഞ്ഞെടുപ്പുകളുടെ മര്‍മ്മം അറിയുന്ന നേതാവാണെന്ന് തെളിയിച്ച വി ഡി അനായസമായാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ കൈയ്യെത്തിപ്പിടിച്ചത്. പട നയിച്ചവന്‍ നാടുഭരിക്കട്ടെ എന്ന് അണികളെ കൊണ്ട് മാത്രമല്ല പൊതുസമൂഹത്തെ കൊണ്ട് കൂടി പറയിപ്പിച്ചാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!